കൊല്ലം: കേരള ജനതയുടെ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു കൊല്ലം സ്വദേശി ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്. ഇപ്പോഴിതാ ഉത്ര കൊല്ലപ്പെട്ട ദിനം വീട്ടിൽ സംഭവിച്ച ചില കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഉത്രയുടെ സഹോദരൻ വിഷു.
ഉത്രയ്ക്ക് ആദ്യം പാമ്പ് കടിയേറ്റ സമയത്താണ് വിഷു നാട്ടിലെത്തിയത്. രണ്ടാമത് പാമ്പ് കടിയേറ്റെന്ന് ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർമാരാണ് പറയുന്നത്. തുടർന്ന് വേഗം വീട്ടിലെത്തി പാമ്പിനെ കണ്ടെത്തിയാൽ അന്റിവെനം നൽകി രക്ഷപ്പെടുത്താനാകുമെന്ന് അമ്മ പറഞ്ഞെന്നും, അതനുസരിച്ച് വീട്ടിൽ പോകുകയുമായിരുന്നെന്നും വിഷു പറയുന്നു.
' സൂരജാണ് ആദ്യം മുറിയിലേക്ക് കയറിയത്. അലമാരയുടെ അടിയിൽ പാമ്പുണ്ടെന്ന് എന്നോട് പറഞ്ഞതും അയാളാണ്. കമ്പെടുത്ത് തട്ടിയിട്ട് പ്രയോജനമില്ലെന്ന് കണ്ട് മണ്ണെണ്ണ ഒഴിച്ചു. പാമ്പ് പുറത്തുവന്ന് എന്റെ നേരെ ചീറ്റി. ആദ്യത്തെ അടി പാളി. ഈ സമയമെല്ലാം സൂരജ് അടുക്കളഭാഗത്ത് പോയി മാറി നിൽക്കുകയായിരുന്നു. ഭാഗ്യത്തിന് രണ്ടാമത്തെ അടി തലയിൽ തന്നെ കൊണ്ടു.പാമ്പ് തിരിച്ചു കടിച്ചിരുന്നെങ്കിൽ ഇതൊന്നും പറയാൻ ഞാനുണ്ടാകുമായിരുന്നില്ല'-വിഷു പറഞ്ഞു. ആശുപത്രിയിൽ വിളിച്ച് പാമ്പ് ഏതാണെന്ന് പറയുമ്പോഴേക്ക് എല്ലാം കഴിഞ്ഞിരുന്നെന്നും യുവാവ് കൂട്ടിച്ചേർത്തു.ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിഷു ഇക്കാര്യം വെളിപ്പെടുത്തിയത്.