നവജാത ശിശുക്കളെ പരിപാലിക്കും മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കുഞ്ഞുങ്ങളുടെ ചർമ്മം വളരെ നേർത്തതാണ്. അവർക്ക് രോഗപ്രതിരോധശേഷി വളരെ കുറവാണ്. അതിനാൽ കുഞ്ഞുങ്ങളുടെ ശുചിത്വത്തിന് പ്രത്യേക ശ്രദ്ധ നൽകേണ്ടത് അനിവാര്യമാണ്. കുട്ടികളെ പരിചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ?
കൈകൾ വൃത്തിയാക്കണം
കുഞ്ഞുങ്ങളെ താലോലിക്കും മുമ്പ് കൈകൾ സാനിറ്റൈസറോ ഡെറ്റോളോ ഉപയോഗിച്ച് നിർബന്ധമായും അണുവിമുക്തമാക്കണം. ഒരു ചെറിയ അണുബാധ പോലും കുട്ടികളിൽ വലിയ രോഗങ്ങൾക്ക് കാരണമാകാറുണ്ട്. അതിനാൽ കൈകൾ ശുചിയാക്കിവയ്ക്കേണ്ടത് അനിവാര്യമാണ്.
വൃത്തിയുള്ള വീട്
കുഞ്ഞുങ്ങൾ ഇഴഞ്ഞു തുടങ്ങുന്ന സമയത്ത് വീടിന്റെ വൃത്തി വളരെ അനിവാര്യമാണ്. ചുറ്റും ഇരിക്കുന്ന വസ്തുക്കൾ നക്കുവാനുള്ള പ്രവണത കുഞ്ഞുങ്ങളിൽ കൂടുതലാണ്. അതിനാൽ കുഞ്ഞുങ്ങളുള്ള വീടുകളിൽ ശുചിത്വം അനിവാര്യമാണ്.
ആൾക്കൂട്ടം വേണ്ടേ വേണ്ട
ഒരുപാട് ആളുകൾ കൂടുന്ന സ്ഥലത്ത് കുട്ടികളെ കൊണ്ടുപോകാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത്തരം സാഹചര്യങ്ങളിൽ പകർച്ചവ്യാധി പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
കുഞ്ഞു പാത്രങ്ങൾ സ്റ്റെറിലൈസ് ചെയ്യാൻ മറക്കല്ലെ
കുഞ്ഞുങ്ങളുടെ പാൽ കുപ്പികൾ, കുറുക്ക് തുടങ്ങിയവ നൽകുന്ന പാത്രങ്ങളും സ്പൂണുകളും അണുവിമുക്തമാക്കുന്നതിനായി സ്റ്റെറിലൈസ് ചെയ്ത് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. വെട്ടി തിളക്കുന്ന ചൂടു വെള്ളം ഉപയോഗിച്ചും കുട്ടികളുടെ പാത്രങ്ങൾ സ്റ്റെറിലൈസ് ചെയ്യാവുന്നതാണ്.
വളർത്തുമൃഗങ്ങളെ അകറ്റി നിറുത്താം
ഒരിക്കലും വളർത്ത് മൃഗങ്ങളുടെ അടുത്തേയ്ക്ക് കുട്ടികളെ കൊണ്ടുപോകരുത്. കുട്ടികൾക്ക് രോഗപ്രതിരോധശേഷി കുറവായതു കൊണ്ടു തന്നെ അവർക്ക് വേഗത്തിൽ അസുഖം വരാൻ വളർത്തുമൃഗങ്ങൾ കാരണമായേക്കാം.