air-india

ന്യൂഡൽഹി: കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എയർ ഇന്ത്യയുടെ രണ്ട് പൈലറ്റ് യൂണിയനുകൾ എയർ ഇന്ത്യ സി.എം.ഡിക്ക് അയച്ച കത്ത് വിവാദമായി. പിന്നാലെ ഏവിയേഷൻ ഇൻഡസ്ട്രി എംപ്ലോയീസ് ഗിൽഡും ഓൾ ഇന്ത്യ സർവീസ് എഞ്ചിനീയേഴ്സ് അസോസിയേഷനും ഈ നിർദേശങ്ങളെ “ചിന്താശൂന്യം” എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തി. കത്ത് പിൻവലിക്കാൻ ഇന്ത്യൻ കൊമേഴ്‌സ്യൽ പൈലറ്റ്സ് അസോസിയേഷനോടും ഇന്ത്യൻ പൈലറ്റ്സ് ഗിൽഡിനോടും ഇവർ ആവശ്യപ്പെട്ടതായാണ് സൂചന.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ വിചിത്രമായ മാർഗങ്ങളാണ് സി.എം.ഡിക്ക് മുന്നിൽ രണ്ട് പൈലറ്റ് യൂണിയനുകളും നിരത്തിയത്. പൈലറ്റുമാരുടെ വേതനം പരിരക്ഷിക്കാൻ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കാനും ശമ്പളമില്ലാതെ നിർബന്ധിത അവധി നടപ്പാക്കാനും എല്ലാ വിഭാഗത്തിലുമുള്ള ജീവനക്കാരുടെ മൊത്തം വരുമാനത്തിൽ നിന്ന് നിശ്‌ചിത ശതമാനം വെട്ടിക്കുറയ്‌ക്കാനും ഉൾപ്പെടെയുള്ള വിവിധ ചെലവ് ചുരുക്കൽ നടപടികൾ പൈലറ്റുമാരുടെ യൂണിയനുകൾ നിർദേശിച്ചിരുന്നു. എന്നാൽ ജീവനക്കാരിൽ ഭൂരിഭാഗവും പൈലറ്റുമാരുടെ യൂണിയന്റെ പരിധിയിൽ വരുന്നതല്ലെന്ന് അധികൃതർ യൂണിയനുകൾക്ക് അയച്ച മറുപടി കത്തിൽ പറയുന്നു.

“1947 ലെ ഐ.ഡി ആക്ടിന്റെ 9 എ വകുപ്പ് പ്രകാരം അറിയിപ്പ് നൽകാതെ തൊഴിലാളികളുടെ സേവന വ്യവസ്ഥകൾ മാറ്റാൻ കഴിയില്ലെന്ന് ഒരു ട്രേഡ് യൂണിയൻ എന്ന നിലയിൽ നിങ്ങൾ അറിഞ്ഞിരിക്കണം. അതിനാൽ നിങ്ങളുടെ നിർദ്ദേശം നിയമവിരുദ്ധമാണ്,” എന്ന് പൈലറ്റുമാർക്ക് അയച്ച മറുപടി കത്തിൽ അധികൃതർ പറയുന്നു.

നിങ്ങളുടെ ഫ്ലൈയിംഗ് അലവൻ‌സുകൾ‌, യഥാർത്ഥ പറക്കൽ‌ സമയത്തേക്ക്‌ കുറയ്‌ക്കാൻ‌ മാനേജ്മെന്റ് നിങ്ങളെ അറിയിച്ചതിനാലാണ് നിങ്ങൾ‌ ഈ പ്രശ്‌നങ്ങൾ ഉന്നയിച്ചിരിക്കുന്നതെന്ന് അറിയാമെന്നും മഹാമാരിയുടെ സമയത്ത് കമ്പനി വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും”കത്തിൽ അധികൃതർ വിശദീകരിക്കുന്നു.

“ഇന്ത്യയിലെ ഏറ്റവും ഉയർന്ന ശമ്പളമുള്ള ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ എന്ന നിലയിൽ, ജീവനക്കാരെ ബാധിക്കുന്ന അനാവശ്യവും നിയമവിരുദ്ധവുമായ ചെലവ് ചുരുക്കൽ നടപടികൾ നിർദ്ദേശിക്കുന്നതിന് പകരം നിങ്ങളുടെ സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്. വ്യോമയാന രംഗത്ത് പരിചയസമ്പന്നരായ പൈലറ്റുമാർ തൊഴിൽ ലഭിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുന്നു. അതും വളരെ കുറഞ്ഞ വേതനത്തിലാണ്. പൈലറ്റുമാർക്ക് നോട്ടീസ് കാലയളവ് ഒഴിവാക്കിയാൽ, എത്രപേർ യഥാർത്ഥത്തിൽ അവരുടെ രാജിയിൽ ഉൾപ്പെടുമെന്ന് കാണാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും” മറുപടി കത്തിൽ എംപ്ലോയിസ് ഗിൽഡും ഓൾ ഇന്ത്യ സർവീസ് എഞ്ചിനീയേഴ്സ് അസോസിയേഷനും വ്യക്തമാക്കുന്നു. കത്തിന് പൈലറ്റ് യൂണിയനുകളുടെ മറുപടി എന്താകുമെന്നാണ് വ്യോമയാന മേഖല ഉറ്റു നോക്കുന്നത്.