ന്യൂഡൽഹി: അടുത്തമാസം ഒന്നാം തീയതിക്കുമുമ്പുതന്നെ താൻ 35 ലോധി എസ്റ്റേറ്റിലെ സർക്കാർ ബംഗ്ളാവ് ഒഴിയുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അറിയിച്ചു. ബംഗ്ളാവ് ഒഴിയാൻ പ്രധാനമന്ത്രിയോട് കൂടുതൽ സമയം ചോദിച്ചുവെന്ന റിപ്പോർട്ടുകളെ പ്രിയങ്ക നിഷേധിക്കുകയും ചെയ്തു. ഭർത്താവ് റാേബർട്ട് വാദ്രയും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (എസ് പി ജി) സംരക്ഷണം ലഭിക്കാൻ അർഹതയില്ലാത്തതിനാൽ ഒരുമാസത്തിനുളളിൽ ബംഗ്ളാവ് ഒഴിയണമെന്ന് കാണിച്ച് കഴിഞ്ഞമാസം അവസാനമാണ് കേന്ദ്രസർക്കാരിന്റെ ഭവന, നഗരകാര്യ മന്ത്രാലയം പ്രിയങ്കയ്ക്ക് നോട്ടീസ് നൽകിയത്. ബംഗ്ളാവ് ഉടൻ ഒഴിയുമെന്ന് അപ്പോൾത്തന്നെ പ്രിയങ്ക പറയുകയും ചെയ്തിരുന്നു. ഈ വർഷം തുടക്കം തന്നെ താമസം മാറുന്നതിനെക്കുറിച്ച് പ്രിയങ്ക ആലോചിച്ചിരുന്നുവെന്നും കൊവിഡ് വ്യാപനവും മകളുടെ പരീക്ഷയുംമൂലം താമസം മാറുന്നത് നീണ്ടുപോവുകയായിരുന്നു എന്നാണ് പ്രിയങ്കയുടെ അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന .
നിലവിൽ ബി ജെ പിയുടെ രാജ്യസഭാംഗവും പാർട്ടി വക്താവുമായ അനിൽ ബലൂണിക്കാണ് പ്രിയങ്ക താമസിക്കുന്ന ബംഗ്ളാവ് അനുവദിച്ചിരിക്കുന്നത്.
സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് 1997 ലാണ് പ്രിയങ്കയ്ക്ക് സർക്കാർ ബംഗ്ളാവ് അനുവദിച്ചത്. ബംഗ്ളാവ് ഒഴിയാൻ നോട്ടീസ് ലഭിച്ചശേഷം കുടിശിക ഇനത്തിലുണ്ടായിരുന്ന മൂന്നുലക്ഷത്തോളം രൂപ ഓൺലൈനായി പ്രിയങ്ക ഒടുക്കുകയും ചെയ്തിരുന്നു. ഇന്ദിര ഗാന്ധിയുടെ അമ്മായിയായ ഷീല കൗളിന്റെ ലക്നൗവിലെ വസതിയിലേക്കാണ് പ്രിയങ്ക താമസം മാറുന്നത്. ഇവിടേക്ക് താമസം മാറുന്നതിന് പിന്നിൽ ഉത്തർപ്രദേശിലെ കോൺഗ്രസിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യവുമുണ്ടെന്നാണ് കരുതുന്നത്.