പാരിസ്: കൊവിഡ് രോഗവ്യാപനം മൂലം ആർഭാടം കുറച്ച ഫ്രാൻസിലെ ദേശിയ ദിനമായ 'ബാസ്‌റ്റൈൽ ദിന' ത്തിന് പക്ഷെ പ്രഭ ഒട്ടും കുറയുന്നില്ല. പതിവുളള സൈനിക അഭ്യാസം വേണ്ടെന്ന് വച്ചെങ്കിലും ഫ്രഞ്ച് സർക്കാർ ദേശീയ ദിനമായ ഇന്ന് കൊവിഡ് രോഗത്തെ ഇല്ലാതാക്കാൻ പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരവർപ്പിക്കും.
കൊവിഡ് രോഗം മൂലം മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ഉൾപ്പടെ ക്ഷണിക്കപ്പെട്ട അതിഥികളുടെ മുന്നിലാണ് ഇവരെ ആദരിക്കുക. സാമൂഹിക അകലം പാലിക്കുന്ന തരത്തിലായിരിക്കും ഇവർക്കുളള ഇരിപ്പിടം ഉറപ്പാക്കുക എന്ന് അധികൃതർ അറിയിച്ചു. 1945ന് ശേഷം ചരിത്രത്തിൽ ആദ്യമായാണ് വാർഷിക മിലിറ്ററി പരേഡ് ഫ്രാൻസ് വേണ്ടെന്ന് വയ്‌ക്കുന്നത്.
കൊവിഡ് പ്രമാണിച്ച് ഇത്തവണ പരേഡ് ഇല്ലെങ്കിലും കൊവിഡിനെതിരെ പൊരുതുന്ന സായുധ സൈനികരെയും ആരോഗ്യ പ്രവർത്തകരെയും സൈന്യം ആദരിക്കും.
യുദ്ധവിമാനങ്ങളുടെ പരേഡ് ഉണ്ടാകും. ഇതിൽ കൊവിഡ് രോഗികളെ അവശ്യഘട്ടത്തിൽ എത്തിക്കാൻ ഉപയോഗിച്ച വിമാനങ്ങളുടെ പരേഡും ഉണ്ടാകും. പ്രത്യേകം ക്ഷണിക്കപ്പെട്ട 2500 അതിഥികളുണ്ടാകും. ഫ്രഞ്ച് പൗരന്മാരെ ചികിത്സിക്കാൻ മുന്നോട്ട് വന്ന ആസ്ട്രേലിയ, ജർമ്മനി,ലക്‌സംബർഗ്, സ്വിറ്റ്സർലന്റ് എന്നീ രാജ്യത്തെ പ്രതിനിധികളും അതിഥികളായി ഉണ്ടാകും. പൊതുജനങ്ങൾക്ക് ടിവിയിലൂടെ ചടങ്ങ് വീക്ഷിക്കാം. ജനം കൂട്ടം കൂടുന്നത് തടയാൻ പാരിസിലെ ചില ഭാഗങ്ങൾ അടക്കും. രാത്രിയിൽ 11 മണിയോടെ പരമ്പരാഗതമായി നടത്തുന്ന ഈഫൽ ടവറിലെ വെടിക്കെട്ടും ഉണ്ടാകും.
ഫ്രാൻസിൽ കൊവിഡ് രോഗത്തെ ഫലപ്രദമായി തടഞ്ഞിട്ടുണ്ട്. എന്നാൽ രണ്ടാമതും രോഗം പൊട്ടിപ്പുറപ്പെടാനുളള സാദ്ധ്യത അധികൃതർ കാണുന്നുണ്ട്. രണ്ട് ലക്ഷത്തിനടുത്ത് പേർക്ക് രോഗം സ്ഥിരീകരിച്ച ഫ്രാൻസിൽ 29,931 പേർ കൊവിഡ് ബാധിച്ച് മരണപ്പെട്ടു.