ജനീവ: കൊവിഡ്-19 രോഗബാധയിൽ ലോകം വലയുമ്പോൾ പ്രതിസന്ധി വർദ്ധിപ്പിച്ച് എബോള രോഗബാധ. റിപബ്ലിക് ഓഫ് കോംഗോയോടും സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്കിനോടും ചേര്‍ന്നുള്ള ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയുടെ അതിര്‍ത്തി മേഖലയില്‍ ഇതിനോടകം 50ഓളം പേര്‍ക്ക് എബോള സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. ജൂണ്‍ ഒന്നിനാണ് ഇവിടെ വീണ്ടും എബോള സ്ഥിരീകരിച്ചത്. 48 പേര്‍ക്ക് പ്രദേശത്ത് രോഗബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടനയുടെ പകര്‍ച്ചവ്യാധി വിഭാഗം വിദഗ്ദ്ധര്‍ വ്യക്തമാക്കി.
ഇതിനോടകം പ്രദേശത്ത് 20 പേര്‍ എബോള ബാധിച്ചു മരിക്കുകയും ചെയ്തു. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രോഗം വലിയ രീതിയില്‍ പകര്‍ന്നിട്ടുണ്ടെന്നും ഇത് വലിയ പ്രശ്‌നമാണെന്നും ലോകാരോഗ്യസംഘടന അറിയിച്ചു. കോംഗോ നദിയോടു ചേര്‍ന്നുള്ള ഒരു പ്രദേശത്താണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെയുള്ളവര്‍ ദൂരപ്രദേശങ്ങളിലേയ്ക്ക് ജോലിക്കും മറ്റും പോകുന്നതിനാല്‍ അധികൃതര്‍ ഇതിനെ ആശങ്കയോടെയാണ് കാണുന്നത്. 1976ല്‍ എബോള വൈറസ് കണ്ടെത്തിയതിനു ശേഷം കോംഗോയില്‍ ഉണ്ടാകുന്ന 11-ാമത്തെ വലിയ രോഗബാധയാണിത്. കഴിഞ്ഞ മാസം11,327 പേര്‍ക്ക് എബോള വാക്‌സിന്‍ നല്‍കിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. കടുത്ത പനിയും വയറിളക്കവുമാണ് എബോളയുടെ ലക്ഷണങ്ങള്‍. രോഗിയുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് മറ്റുള്ളവരിലേയ്ക്ക് പകരുന്നത്. വൈറസ് ബാധയിലൂടെ 2018 മുതല്‍ 2277 പേരുടെ ജീവന്‍ നഷ്ടമായിട്ടുണ്ടെന്നാണ് കണക്ക്.
രോഗനിയന്ത്രണത്തിനായി വാക്‌സിന്‍ ഉപയോഗിക്കുന്നതിനു പുറമെ പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് കൈകഴുകാനുള്ള സൗകര്യങ്ങളും വീടുകള്‍ തോറും എത്തിയുള്ള ബോധവത്കരണവും നടത്തേണ്ടതുണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇത്തവണ അധികം പേര്‍ക്ക് രോഗം ബാധിച്ചിട്ടില്ലെങ്കിലും കൊവിഡ്-19 പ്രതിരോധത്തിനിടെ മറ്റു രോഗങ്ങളിലേയ്ക്കുള്ള ശ്രദ്ധ കുറയരുതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.