squirrel

ലോസ്ആഞ്ചലസ് : യു.എസിലെ കൊളറാഡോയിൽ അണ്ണാനിൽ ബ്യുബോണിക് പ്ലേഗ് കണ്ടെത്തി. ഡെൻവറിൽ നിന്നും 17 മൈൽ അകലെ ജെഫേഴ്സൺ കൗണ്ടിയിലുള്ള മോറിസൺ ടൗണിലാണ് അണ്ണാനിൽ പ്ലേഗ് ബാധ സ്ഥിരീകരിച്ചത്. എന്നാൽ നിലവിൽ ഇവിടെ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും പ്രദേശത്ത് ആരോഗ്യവിദഗ്ദ്ധർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വളർത്തു മൃഗങ്ങളിലെ മാറ്റങ്ങൾ നിരീക്ഷിക്കാനും അറിയിച്ചിട്ടുണ്ട്.

ബാക്ടീരിയ രോഗമായ പ്ലേഗിന്റെ മൂന്ന് രൂപങ്ങളിൽ ഒന്നാണ് ബ്യുബോണിക് പ്ലേഗ്. പനി, ശരീരവേദന, ചുമ, വിറയൽ തുടങ്ങിയവയാണ് ബ്യുബോണിക് പ്ലേഗിന്റെ ലക്ഷണങ്ങൾ. എലി, അണ്ണാൻ, മാർമറ്റ് തുടങ്ങിയ കരണ്ടു തീനികളിൽ കാണപ്പെടുന്ന ചെള്ളുകളാണ് മനുഷ്യരിൽ ബ്യുബോണിക് പ്ലേഗ് ഉണ്ടാകാനുള്ള പ്രധാന കാരണം. ചിലപ്പോൾ ഈച്ചകൾ വഴിയും രോഗം പകരാൻ സാദ്ധ്യതയുണ്ട്. പ്ലേഗ് ബാധയുള്ള ജീവികളുടെ കടിയേറ്റാലോ അവയെ ആഹാരമാക്കിയാലോ മനുഷ്യനിൽ പ്ലേഗ് ബാധ ഉണ്ടാകാം.

അടുത്തിടെ ചൈനയിലും മംഗോളിയയിലും പുതുതായി ബ്യുബോണിക് പ്ലേഗ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇവയ്ക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ.

ചൈനയിലും മംഗോളിയയിലും റിപ്പോർട്ട് ചെയ്ത കേസുകൾ മാർമറ്റുകളിൽ നിന്നാണ് പടർന്നത്. മാർമറ്റുകളുടെയും മറ്റും മാംസം ഭക്ഷിക്കുന്നത് പൂർണമായും ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. വലിയ അണ്ണാന്റെ വകഭേദമായ മൂഷിക വർഗത്തിൽപ്പെട്ട മാർമറ്റുകൾ വഴി മംഗോളിയയിൽ നേരത്തെ ബ്യൂബോണിക് പ്ലേഗ് പടർന്നിട്ടുണ്ട്.

മദ്ധ്യകാലഘട്ടത്തിൽ ' ബ്ലാക്ക് ഡെത്ത് ' എന്ന അപരനാമത്തിൽ ലോകത്തെ വിറപ്പിച്ചതാണ് ബ്യുബോണിക് പ്ലേഗ്. യൂറോപ്പിൽ മാത്രം ഏകദേശം 50 ദശലക്ഷത്തോളം പേരുടെ ജീവനാണ് ബ്ലാക്ക് ഡെത്ത് കവർന്നത്. അതായത്, യൂറോപ്പിന്റെ അന്നത്തെ ജനസംഖ്യയുടെ പകുതിയോളം ബ്ലാക്ക് ഡെത്ത് തുടച്ചു നീക്കിയിരുന്നു. എന്നാൽ ഇപ്പോൾ ശരിയായ ചികിത്സയിലൂടെ ജീവൻ രക്ഷിക്കാൻ സാധിക്കും.