കൊച്ചി: കയറ്രുമതിയിൽ വീണ്ടും ഉണർവ് ദൃശ്യമായതോടെ, ഇന്ത്യൻ ഏലത്തിന് വീണ്ടും വില കൂടുന്നു. പ്രധാന കയറ്രുമതി വിപണിയായ സൗദി അറേബ്യയിലേക്ക് വീണ്ടും കയറ്രുമതി ആരംഭിച്ചതാണ് പ്രധാന ആശ്വാസം. കീടനാശിനി അളവിനെച്ചൊല്ലി സൗദി അറേബ്യ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒഴിവായതോടെ, മേയ് മുതലാണ് വീണ്ടും കയറ്റുമതി തുടങ്ങിയത്.
കഴിഞ്ഞദിവസത്തെ ലേലത്തിൽ 600 രൂപ വർദ്ധിച്ച് കിലോയ്ക്ക് ശരാശരി വില 1,615 രൂപയിലെത്തി. മേയ് മുതൽ ഇതുവരെ സൗദിയിലേക്ക് മാത്രം 25 കോടി രൂപ മതിക്കുന്ന 100 ടൺ ഏലയ്ക്ക കയറ്റുമതി ചെയ്‌തു. കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഇന്ത്യയുടെ മൊത്തം ഏലയ്ക്കാ കയറ്രുമതി 4,500 ടണ്ണാണ്.
അനക്കമില്ലാതെ
ആഭ്യന്തര വിപണി
ആഭ്യന്തര വിപണിയിൽ ഡിമാൻഡ് കൊഴിഞ്ഞത് ഏലത്തിന്റെ മുഖ്യ ഉത്പാദക കേന്ദ്രമായ കേരളത്തെ വലയ്ക്കുന്നുണ്ട്. പ്രധാന വിപണികളായ മഹാരാഷ്‌ട്ര, ഗുജറാത്ത്, ഡൽഹി, ചെന്നൈ എന്നിവിടങ്ങൾ കൊവിഡ് 'റെഡ് സോൺ" ആയതാണ് ഡിമാൻഡിനെ ബാധിക്കുന്നത്.
മഴയില്ല; പ്രതീക്ഷകളും
പ്രധാന കാർഷിക മേഖലയായ ഇടുക്കിയിൽ മൺസൂൺ ഇക്കുറി 40-50 ശതമാനം വരെ കുറഞ്ഞത് ഉത്‌പാദനത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്. കൊവിഡ് മൂലം തമിഴ്നാടുമായുള്ള അതിർത്തി അടച്ചത്, തൊഴിലാളി ക്ഷാമവും സൃഷ്‌ടിക്കുന്നു.
₹1,615/kg
കഴിഞ്ഞദിവസത്തെ ലേലത്തിൽ ഏലത്തിന് കിലോയ്ക്ക് ലഭിച്ച ശരാശരി വില.
₹1,069/kg
ലോക്ക്ഡൗണിന്റെ തുടക്കത്തിൽ വില ശരാശരി 1,069 രൂപവരെ താഴ്‌ന്നിരുന്നു.