വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റായി അധികാരമേറ്റ ശേഷം ഡോണാൾഡ് ട്രംപ്, 20,000 തെറ്റായ, അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്ന് വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്. ഈ മാസം 9-നാണ് ട്രംപ് ഈ 'നാഴികക്കല്ല്' പിന്നിട്ടതെന്ന് പേപ്പറിന്റെ ഫാക്ട് ചെക്കർ പംക്തിയിൽ പറയുന്നു. അടിസ്ഥാനരഹിതമായ അവകാശവാദങ്ങളിൽ പകുതിയിലധികവും ഫോക്സ് ന്യൂസ് ഹോസ്റ്റ് സീൻ ഹാനിറ്റിയുമായുള്ള അഭിമുഖത്തിനിടെയാണ് ട്രംപ് പറഞ്ഞത്. ആഫ്രിക്കൻ - അമേരിക്കൻ സമൂഹത്തിൽ നിന്നും തനിക്ക് വമ്പിച്ച പിന്തുണയുണ്ട്, 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പ്രചാരണ കാലത്ത് ബറാക് ഒബാമയും ജോ ബൈഡനും ചാരപ്പണി നടത്തി തുടങ്ങിയ ആരോപണങ്ങളാണ് അതിൽ പ്രധാനം.
ട്രംപ് അധികാരത്തിലേറി നൂറ് ദിനം പിന്നിടുമ്പോഴാണ് വാഷിംഗ്ടൺ പോസ്റ്റ് അദ്ദേഹത്തിന്റെ തെറ്റായ പ്രസ്താവനകൾ പ്രത്യേകമായി ശേഖരിക്കാൻ തുടങ്ങിയത്. അന്നുമുതൽ, വാർത്താസമ്മേളനങ്ങളിലും റാലികളിലും ടിവി പരിപാടികളിലും സോഷ്യൽ മീഡിയയിലും പ്രസിഡന്റ് നടത്തിയ എല്ലാ പ്രസ്താവനകളും അവർ ഇഴകീറി പരിശോധിച്ചു. ആദ്യ 100 ദിവസങ്ങളിൽ, ഒരു ദിവസം അഞ്ച് എന്ന നിരക്കിൽ, 492 തെറ്റായ അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ട്രംപ് ഉന്നയിച്ചുവെന്നാണ് പത്രത്തിന്റെ വസ്തുതാന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. 'അവിടന്നങ്ങോട്ട് അസത്യങ്ങളുടെ സുനാമിയായിരുന്നു ആഞ്ഞുവീശിയിരുന്നത്' എന്ന് പോസ്റ്റ് പറയുന്നു.
കഴിഞ്ഞ 14 മാസത്തിനിടെ, മുള്ളർ റിപ്പോർട്ട്, ട്രംപിന്റെ ഇംപീച്ച്മെന്റ്, കൊറോണ വൈറസ്, ജോർജ്ജ് ഫ്ലോയിഡിനെ പൊലീസ് കൊലപ്പെടുത്തിയ സംഭവം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ട്രംപ് ഒരു ദിവസം ശരാശരി 23 തെറ്റായ അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മഹാമാരിയെ കുറിച്ചു മാത്രം ട്രംപ് 1,200 നുണകളും തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളും ഉന്നയിച്ചിട്ടുണ്ടെന്നും കോളം ചൂണ്ടിക്കാട്ടുന്നു.