ബ്യൂണേഴ്സ് ഐറിസ് : ലാറ്റിനമേരിക്കയിൽ മുഴുവൻ കനത്ത നാശം വിതച്ച് കൊണ്ടിരിക്കുകയാണ് കൊവിഡ്. ഇതിനിടെ അർജന്റീനയിൽ കണ്ടെത്തിയിരിക്കുന്ന ഒരു പുതിയ കൊവിഡ് ക്ലസറ്റർ വിദഗ്ദ്ധരെയെല്ലാം ആശയക്കുഴപ്പത്തിലാക്കുകയാണ്. 35 ദിവസത്തിന് ശേഷം കടലിൽ മത്സ്യബന്ധനത്തിന് പോയി തിരിച്ചെത്തിയ ഒരു ബോട്ടിലെ 57 മത്സ്യത്തൊഴിലാളികൾക്ക് അർജന്റീനയിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. കടലിലേക്ക് പോകുന്നതിന് മുമ്പ് ഇവരെയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കുകയും ഫലം നെഗറ്റീവ് ആണെന്ന് ബോധ്യമാവുകയും ചെയ്തിരുന്നു.
രാജ്യത്തിന്റെ തെക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ടിയേറ ഡെൽ ഫ്യൂഗോ പ്രവിശ്യയിലാണ് സംഭവം. കടലിൽ പോയി മടങ്ങിയെത്തിയ ' എചിസെൻ മരു ' എന്ന മത്സ്യബന്ധന ബോട്ട് മടങ്ങിയെത്തിയപ്പോൾ തൊഴിലാളികളെല്ലാം തീർത്തും അവശരും രോഗബാധിതരുമായിരുന്നു. തുടർന്ന് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ഇവർക്ക് കൊവിഡ് ബാധ കണ്ടെത്തുകയായിരുന്നു. 61 പേരാണ് ബോട്ടിൽ ആകെ ഉണ്ടായിരുന്നത്. ഇതിൽ 51 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
നേരത്തെ 14 ദിവസം ഇവരെല്ലാം നിർബന്ധിത ക്വാറന്റൈനിൽ കഴിഞ്ഞിരുന്നു. ഇതിനു ശേഷം പരിശോധന നടത്തിയപ്പോൾ ഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കടലിലേക്ക് പോകാൻ അനുമതി നൽകുകയായിരുന്നു.
കടലിൽ ചെലവിട്ട 35 ദിവസത്തിനിടെ കരയുമായോ മറ്റ് മനുഷ്യരുമായോ ഇവർക്ക് യാതൊരു വിധ സമ്പർക്കവുമില്ലായിരുന്നു. ബോട്ടിലേക്കുള്ള അവശ്യസാധനങ്ങളും ഇന്ധനവുമെല്ലാം പുറപ്പെടാൻ നേരം തന്നെ സംഭരിച്ചാണ് യാത്ര തുടങ്ങിയത്. അതുകൊണ്ട് തന്നെ മറ്റ് തുറമുഖങ്ങളിലേക്കൊന്നും ബോട്ട് അടുപ്പിച്ചിട്ടേയില്ല.
ഇവരുടെയെല്ലാം രോഗ ഉറവിടം എവിടെ നിന്നാണ് എന്നോ, 14 ദിവസം യാതൊരു കുഴപ്പമുല്ലാതിരുന്ന ഇവർക്ക് 35 ദിവസത്തിനിടെ എന്ത് സംഭവിച്ചുവെന്നും ഡോക്ടർമാർക്ക് കണ്ടെത്താനായിട്ടില്ല. ഒരു പക്ഷേ, വൈറസിന്റെ ഇൻകുബേഷൻ പിരീഡ് 14 ദിവസത്തിൽ കൂടുതൽ എടുത്തിരിക്കാമെന്ന് ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ബോട്ടിലുണ്ടായിരുന്നവരെയെല്ലാം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. നിലവിൽ 103,265 പേർക്കാണ് അർജന്റീനയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,903 പേർ ഇതുവരെ മരിച്ചു.