china-flood

ബീജിംഗ്: കൊവിഡ് ദുരിതത്തിന് പിന്നാലെ ചൈനയിൽ വൻ വെള്ളപ്പൊക്കം. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽപ്പെട്ട് രാജ്യത്തെ നദികളിൽ 33 എണ്ണവും നിലവിൽ ക്രമാതീതമായി കരകവിഞ്ഞൊഴുകയാണ്. കഴിഞ്ഞദിവസങ്ങളിലായി 141 പേരെ കാണാതായി. 2.24 ദശലക്ഷം പേരെ മാറ്രിപ്പാർപ്പിച്ചു. മൂന്നരക്കോടിപ്പേരെ വെള്ളപ്പൊക്കം ബാധിച്ചെന്നാണ് റിപ്പോർട്ടുകൾ.ഷിയാങ്ഷി, അന്‍ഹ്യു, ഹുബെയ്, ഹുനാൻ തുടങ്ങിയ 27 പ്രവിശ്യകളിലാണ് വെള്ളപ്പൊക്കമുണ്ടായത്. 25 ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. 2800 കെട്ടിടങ്ങൾ നശിച്ചെന്നും ഇതുവരെ 1200 കോടി ഡോളറിന്റെ നഷ്ടം നാടിനുണ്ടായെന്നും അധികൃതർ പറയുന്നു.

രാജ്യത്തെ ഏറ്റവും വലിയ നദിയായ യാങ്‌സിയുടെ തീരപ്രദേശത്തും പൊയംഗ് ലേക്ക് പ്രദേശത്തും റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ പ്രസിഡന്റ് ഷി ജിൻ പിങ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

1998ൽ 3000 പേരുടെ ജീവൻ നഷ്ടപ്പെട്ട വെള്ളപ്പൊക്കത്തിന് ശേഷം ഇതാദ്യമായാണ് നദികളിൽ ഇത്രയധികം വെള്ളം രേഖപ്പെടുത്തുന്നത്. അതേസമയം 1998 ലെ വെള്ളപ്പൊക്കം ആവർത്തിക്കില്ലെന്നാണ് അധികൃതർ പറയുന്നത്. എല്ലാ വർഷവും ചൈനയിൽ വെള്ളപ്പൊക്കം ഉണ്ടാവാറുണ്ടെങ്കിലും ഈ വർഷം ജൂൺ മുതൽ കനത്ത മഴയാണ് ചൈനയിൽ പെയ്തത്.
ഇതിനു മുമ്പ് 1961 ലാണ് ചൈനയിൽ ഇത്രയും കനത്ത മഴ പെയ്തത്
ചൈനീസ്

ജലവിഭവ ഉപമന്ത്രി നൽകിയ വിവരമനുസരിച്ച് രാജ്യത്ത് ആകെയുള്ള 433 നദികളും കായലുകളും പുഴകളും കരകവിയുന്നുണ്ട്. സാഹചര്യങ്ങൾ നിലവിൽ ഭയാനകമായി തുടരുകയാണെന്നാണ് ഇദ്ദേഹം പറയുന്നത്. ജൂലായിലും ആഗസ്റ്റിലും വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.