bjp

പട്ന: ബിജെപിയുടെ സംസ്ഥാന നേതാക്കന്മാർക്കും ഓഫീസ് ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലാ ഭരണകൂടം ബീഹാർ സംസ്ഥാന ഓഫീസ് സീൽ ചെ‌യ്തു. ഇവിടെ ഒരു മേഖലാ മീറ്റിംഗിൽ പങ്കെടുക്കാനെത്തിയ 75ഓളം നേതാക്കന്മാർക്കും ഓഫീസിലെ മൂന്ന് ജീവനക്കാർക്കുമാണ് കൊവിഡ് പോസിറ്റീവായത്. ബിജെപി സംഘടനാ ജനറൽ സെക്രട്ടറി നാഗേന്ദ്ര, സംസ്ഥാന ജനറൽ സെക്രട്ടറി ദേവേഷ് കുമാർ,​ സംസ്ഥാന വൈസ് പ്രസിഡന്റ് രാജേഷ് വെർമ്മ,​മുൻ സാമാജികൻ രാധാമോഹൻ ശർമ്മ എന്നീ നേതാക്കൾക്ക് രോഗം സ്ഥിരീകരിച്ചു.

ഓഫീസ് സ്ഥിതിചെയ്യുന്ന ബീർ ചന്ദ് പട്ടേൽ മാർഗ് കണ്ടെയ്ൻമെന്റ് മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.

ജില്ലാ ഭരണകൂടം ഉടനെ ബിജെപി ജില്ലാ ഓഫീസ് അണുവിമുക്തമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയമായതിനാൽ സ്ഥാനാർത്ഥിത്വത്തിനായി നിരവധി ജനങ്ങൾ ഓഫീസിൽ കഴിഞ്ഞ ദിവസങ്ങളിൽ വന്ന് പോയിരുന്നതായി അറിവായിട്ടുണ്ട്. 16,642 പേർക്ക് രോഗം സ്ഥിരീകരിച്ച ബീഹാറിൽ 143 പേർ രോഗം ബാധിച്ച് മരണപ്പെട്ടു. 11,498 പേർക്ക് രോഗം ഭേദമായി.