
ന്യൂഡൽഹി: 1966 ജനുവരി 24ല്‍ ആണ് എയര്‍ ഇന്ത്യ AI 101 വിമാനം ഫ്രഞ്ച് ആല്‍പ്‌സ് പര്‍വത നിരകളില്‍ ഇടിച്ചുതകര്‍ന്നത്. യൂറോപ്പിലെ ഏറ്റവും വലിയ മഞ്ഞുപര്‍വതമായ മോണ്ട് ബ്ലാങ്കിന് സമീപം വിമാനം തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന 117 പേരും ആ ക്രാഷില്‍ മരിച്ചു. തകര്‍ന്ന വിമാനത്തിലുണ്ടായിരുന്ന പല വസ്തുക്കളും പിന്നീട് പലപ്പോഴായി പ്രദേശവാസികള്‍ കണ്ടെത്തിയിട്ടുണ്ട്. 54 വര്‍ഷങ്ങള്‍ക്കുശേഷം ആ അപകടത്തില്‍ ബാക്കിയായ ചില രേഖകള്‍ കൗതുകമാകുകയാണ്.
ഇന്ദിരാ ഗാന്ധി ഇന്ത്യയുടെ പ്രഥമ വനിത പ്രധാനമന്ത്രിയായ വാര്‍ത്ത തലക്കെട്ടായ ദിനപത്രങ്ങളാണ് മഞ്ഞില്‍ നിന്ന് ഇപ്പോള്‍ വീണ്ടെടുത്തത്. മോണ്ട് ബ്ലാങ്ക് ഹിമാനികളിലെ മഞ്ഞുരുകിയതാണ് അന്ന് മഞ്ഞിനടിയില്‍ പുതഞ്ഞു പോയിരുന്ന വിമാനാപകടത്തില്‍ അവശിഷ്ടങ്ങള്‍ ഇപ്പോള്‍ പുതുതായി പൊങ്ങിവരാന്‍ കാരണം.1966 -ലെ ചില ഇന്ത്യന്‍ പത്രങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇംഗ്ലീഷ് ദിനപത്രങ്ങളായ നാഷണല്‍ ഹെറാള്‍ഡ്, ദി ഇക്കണോമിക് ടൈംസ് എന്നിവയാണ് മഞ്ഞില്‍ നിന്ന് കണ്ടെത്തിയ താളുകള്‍. പ്രത്യേകിച്ച് ഒരു കുഴപ്പവും ഇല്ലാത്ത രീതിയില്‍ തന്നെയാണ് പത്രങ്ങളിപ്പോഴും ഉള്ളത്. ഫ്രഞ്ച് ആല്‍പ്‌സില്‍ ഏതാണ്ട് 1350 മീറ്റര്‍ ഉയരത്തില്‍ ഭക്ഷണശാല നടത്തുന്ന തിമോത്തി മോട്ടിനാണ് പത്രത്താളുകള്‍ വീണ്ടെടുത്തത്. പത്രത്താളുകള്‍ കഫേയില്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. കാലങ്ങളായി അപകടത്തില്‍പ്പെട്ട വിമാനത്തിലേതെന്ന് കരുതപ്പെടുന്ന പലതും തിമോത്തി കണ്ടെത്തിയിട്ടുണ്ട്. അവയില്‍ ചിലതെല്ലാം റെസ്റ്റോറന്റില്‍ പ്രദര്‍ശനത്തിനും വെച്ചിട്ടുണ്ട്. ആദ്യമായല്ല തകര്‍ന്ന എയര്‍ ഇന്ത്യ വിമാനം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. 2013ല്‍ വിമാന അപകടം നടന്ന പ്രദേശത്ത് നിന്ന് രണ്ടുകോടി രൂപയോളം മൂല്യമുള്ള മരതകങ്ങളും ഇന്ദ്രനീലക്കല്ലുകളും കണ്ടെത്തിയിരുന്നു.