
 ആഭരണഭ്രമം കൂടുതലും മലയാളികൾക്കാണെന്നാണ്  പറയുന്നത്. പ്രത്യേകിച്ച്  സ്വർണാഭരണങ്ങളോട്. എന്തുവിലയായാലും സാരമില്ല അത് വാങ്ങണമെന്നത് നമ്മുടെ ഒരു ദൗർബല്യമാണ്. മുൻകാലങ്ങളിൽ പലകുടുംബങ്ങളിലും തട്ടാനെ  വീട്ടിൽ വിളിച്ചുവരുത്തി ഇഷ്ടമുള്ള മാലയോ കമ്മലോ ഒക്കെ പണിതെടുക്കുമായിരുന്നു. കറിച്ചട്ടിയുടെ ആകൃതിയിലുള്ള ഒരു പാത്രത്തിൽ ഉമിയും ചിരട്ടക്കരിയും ഇട്ടു തീ കത്തിച്ചു ചെറിയ കുഴൽ വച്ച് ഊതി നല്ല കനൽ ആക്കി സ്വർണ്ണം അതിലിട്ടു ഉരുക്കി ചെറിയ കല്ലിൽ കുഞ്ഞു ചുറ്റികയും കുടിലും (ഫോർസെപ്സ്) വച്ചു അടിച്ചു ഷേപ്പുണ്ടാക്കിയാണ് മാലയും വളയും കമ്മലുമൊക്കെ ഉണ്ടാക്കിയിരുന്നത്. കൂടുതൽ മെനക്കേടും സമയവും ഇതിനാവശ്യമായിരുന്നു. വളരെ ശ്രദ്ധിച്ച് അതിസൂഷ്മമായി ചെയ്യേണ്ട ജോലിയായിരുന്നു അത്. എന്നാൽ കാലം പുരോഗമിക്കുകയും ആവശ്യക്കാർ കൂടുകയും ജൂവലറികൾ  രംഗത്തുവരികയും ചെയ്തതോടെ ആധുനിക സൗകര്യങ്ങൾ നിലവിൽ വന്നു. പുതുമയുള്ള ഡിസൈനുകളുമായി മെഷീനുകൾ ഈ ജോലികൾ എല്ലാം  ഏറ്റെടുത്തു. വളരെ വേഗം പുതിയ ആഭരണ ഐറ്റങ്ങൾ  വിപണിയിൽ എത്തിക്കാനും അതുവഴി സാധിച്ചു !
സ്വർണവിപണിയിലാകട്ടെ  നാൾക്കുനാൾ വില കുതിച്ചുയരാനും തുടങ്ങി. അടുത്തിടെയുണ്ടായ ഷെയർ മാർക്കറ്റിന്റെ തകർച്ച കരുതൽനിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കാൻ  ഇടവരുത്തുകയും ചെയ്തു. ഒടുവിൽ അത്യാഡംബരങ്ങളിലേക്കും ധൂർത്തിലേക്കും വരെ നമ്മുടെ ആഭരണ ഭ്രമം കടന്നു. ജൂവലറികളിൽ ഉള്ളതിനേക്കാൾ സ്വർണം പെൺപിള്ളേരുടെ ശരീരത്തിലായി. 
കല്യാണചടങ്ങിന് പെണ്ണിന്റെ കഴുത്തിൽ  താലികെട്ടാൻ തന്നെ സ്ഥലമില്ലാത്ത അവസ്ഥവരെയായി. ഒടുവിൽ ഇതിനൊക്കെ  അറുതി വരുത്താൻ സാക്ഷാൽ കൊവിഡ് തന്നെ രംഗത്ത് വരേണ്ടി വന്നു. ആകർഷകങ്ങളായ പലതരം ലോക്കറ്റുകൾ ഇന്ന് ജൂവലറികളിലും പരസ്യത്തിലുമൊക്കെ നമ്മൾ കാണാറുണ്ട്. എന്നാൽ പുതിയ ഒരാഭരണമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇത്തരം ഒരു ആഭരണം ആരും ഇതുവരെ കണ്ടുകാണില്ല. എന്നുകരുതി വിലകൂടിയ വജ്രമോ വൈഡൂര്യമോ കൊണ്ട് നിർമ്മിച്ചതോ പ്രത്യേകമായി പറഞ്ഞു ചെയ്യിച്ചതോ വിദേശത്തുനിന്നും സ്പെഷ്യലായി വരുത്തിച്ചതോ ഒന്നുമല്ല. ഒരു മാക്രോ ഫോട്ടോയുടെ രസകരമായ റിസൽട്ടാണ് ഇത്. നല്ല ഡിസൈനിൽ ചെയ്തെടുത്ത ലോക്കറ്റ് പോലെ തോന്നുന്നെങ്കിലും സംഗതി അതല്ല. രാവിലെ കുടിക്കാൻ ഗ്ലാസിൽ തന്ന കട്ടൻ ചായയുടെ മുകളിൽ കണ്ട പതയാണ് ഇത്. സോപ്പ് പത പോലെ ചായയ്ക്ക് മുകളിൽ പൊങ്ങിക്കിടന്ന ചെറിയ കുമിളകളുടെ ക്ളോസപ്പാണ്. അവയിലബിൾ ലൈറ്റിൽ  ഗ്ലാസിന്റെ നേരെ മുകളിൽ നിന്ന് എടുത്ത ചിത്രമാണ് ഇത്.