തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം.ശിവശങ്കറിന് മൊഴിയെടുക്കാനായി ഹാജരാകാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ നോട്ടീസ് നൽകി. ശിവശങ്കറിന്റെ തിരുവനന്തപുരം പൂജപ്പുരയിലെ വീട്ടിൽ എത്തിയാണ് കസ്റ്റംസ് ഡി.ആർ.ഐ ഉദ്യോഗസ്ഥർ നോട്ടീസ് കൈമാറിയത്.
ഉദ്യോഗസ്ഥർ നോട്ടീസ് നൽകാനെത്തിയ സമയത്ത് ശിവശങ്കർ വീട്ടിലുണ്ടായിരുന്നു എന്നാണ് വിവരം. പത്ത് മിനിറ്റിനുള്ളിൽ തന്നെ കസ്റ്റംസ് സംഘം വീട്ടിൽ നിന്ന് മടങ്ങുകയും ചെയ്‌തു. എന്നാൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ പ്രതികരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല.
സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ അന്വേഷണത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർ നോട്ടീസ് കൈമാറിയത്. ശിവശങ്കറുമായി കേസിലെ പ്രതികൾക്കുണ്ടായിരുന്നത് സൗഹൃദം മാത്രമായിരുന്നോ അതോ സ്വർണക്കടത്തുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.