ലണ്ടൻ: 2019ലെ ഏകദിന ലോകകപ്പ് കിരീടം ഇംഗ്ളണ്ട് സ്വന്തമാക്കിയിട്ട് ഇന്നലെ ഒരു വർഷം പൂർത്തിയായി. നിശ്ചിത ഓവറിലും സൂപ്പർ ഓവറിലും അവസാന പന്തു വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിനൊടുവിൽ ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ കിരീടാവകാശികളെ നിശ്ചയിക്കുക എന്ന അപൂർവതയ്ക്കാണ് അന്ന് ലോഡ്സ് വേദിയായത്.
കാണികൾക്കും കളിക്കാർക്കും ഒരുപോലെ സമ്മർദ്ദം നൽകിയ ആ ഫൈനലിൽ ടെൻഷൻ മറികടക്കാൻ ഇംഗ്ലണ്ട് ആൾറൗണ്ടർ ബെൻ സ്‌റ്റോക്ക്‌സ് കണ്ടെത്തിയ വഴിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് 'മോർഗൻസ് മെൻ: ദി ഇൻസൈഡ് സ്‌റ്റോറി ഓഫ് ഇംഗ്ലണ്ട്‌സ് റൈസ് ഫ്രം ക്രിക്കറ്റ് വേൾഡ് കപ്പ് ഹ്യുമിലിയേഷൻ ടു ഗ്ലോറി' എന്ന് പുസ്തകം. നിക്ക് ഹൗൾട്ട്, സ്റ്റീവ് ജെയിംസ് എന്നിവർ ചേർന്നാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.
കളി കൈവിട്ടെന്ന ഘട്ടത്തിൽ ജോസ് ബട്ട്‌ലറുമൊത്ത് ഇംഗ്ലണ്ടിനെ താങ്ങിനിറുത്തിയതും അവസാന ഓവറിൽ 14 റൺസെടുത്ത് മത്സരം സൂപ്പർ ഓവറിലേക്ക് നീട്ടിയതും സ്‌റ്റോക്ക്‌സായിരുന്നു. ഇതിനു പിന്നാലെ സൂപ്പർ ഓവറിൽ അദ്ദേഹം ബാറ്റിംഗിനിറങ്ങുകയും ചെയ്തു.
50-ാം ഓവറിൽ മത്സരം ടൈ ആയ ശേഷം ഡ്രസ്സിംഗ് റൂമിലെത്തിയ സ്‌റ്റോക്ക്‌സ് സൂപ്പർ ഓവറിനു മുമ്പ് സ്വസ്ഥത തേടി ഒന്നു മുങ്ങി. കാണികളും ടിവി ക്യാമറകളും കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും എല്ലാമുള്ള ഒരിടത്ത് ആരുടെയും ശല്യമില്ലാത്ത ഒരിടം കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. ക്യാപ്ടൻ മോർഗൻ ഡ്രസ്സിംഗ് റൂമിൽ കളിക്കാരെ ശാന്തമാക്കാനും തന്ത്രങ്ങൾ രൂപീകരിക്കാനും ശ്രമിക്കുമ്പോൾ സ്റ്റോക്സ് അവിടെ ഇല്ലായിരുന്നു. രണ്ടു മണിക്കൂറും 27 മിനിട്ടും ക്രീസിൽ പൊരുതിയ സ്റ്റോക്സിന്റെ ദേഹത്ത് മുഴുവൻ അഴുക്കും വിയർപ്പുമായിരുന്നു. സ്റ്റോക്സ് നേരേ ഇംഗ്ലണ്ട് ഡ്രസ്സിംഗ് റൂമിന് പുറകിലേക്കാണ് പോയത്. അറ്റൻഡന്റിന്റെ ചെറിയ ഓഫീസ് മറികടന്ന് കുളിമുറിയിലേക്ക്. അവിടെ അദ്ദേഹം ഒരു സിഗരറ്റിന് തീ കൊളുത്തി ഏതാനും മിനിറ്റുകൾ ചെലവിട്ടു.സമാധാനത്തോടെ തിരിച്ചെത്തി സൂപ്പർ ഒാവറിനിറങ്ങിയെന്നാണ് പുസ്തകത്തിൽ പറയുന്നത്.
ഇംഗ്ലണ്ടിന്റെ ആദ്യ ഏകദിന ലോകകപ്പെന്ന സ്വപ്നം യാഥാർഥ്യമാക്കിയതിൽ സ്റ്റോക്ക്സിന്റെ സംഭാവന അതുല്യമായിരുന്നു. 98 പന്തിൽ 84 റൺസ്, അതില്‍ അഞ്ചു ഫോറും രണ്ട് സിക്‌സും. അഞ്ചാം വിക്കറ്റിൽ ബട്ട്ലർക്കൊപ്പമുള്ള സെഞ്ചുറി കൂട്ടുകെട്ട്. അവസാന ഓവറിലെ 14 റൺസ്. സൂപ്പർ ഓവറിലെ ബാറ്റിംഗ്...സ്റ്റോക്ക്‌സ് ഫൈനലിലെ താരമാകാൻ ഇത്രയും മതിയായിരുന്നു.