wuhan-lab

ലണ്ടൻ : കൊവിഡ് 19ന് കാരണമായ കൊറോണ വൈറസിന്റെ ഉത്ഭവ സ്ഥാനം കണ്ടെത്താൻ ചൈനയിലേക്കെത്തുന്ന ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ്ധർ വുഹാനിലെ വിവാദ ലാബ് സന്ദർശിക്കില്ലെന്ന് റിപ്പോർട്ട്.

കൊവിഡിന്റെ ഉറവിടം കണ്ടെത്തുന്നതിനായുള്ള രണ്ട് ആരോഗ്യ വിദ്ഗദ്ധർ അടങ്ങുന്ന ലോകാരോഗ്യ സംഘടനയുടെ ആദ്യ സംഘം കഴിഞ്ഞ ദിവസം ചൈനയിലെത്തിയിരുന്നു. കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ട വുഹാനിലെ ഹ്യൂബെയ് പ്രവിശ്യയിലാണ് ആദ്യം അന്വേഷണം നടക്കുക. എന്നാൽ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് വൈറസ് എങ്ങനെ കടന്നു എന്നത് സംബന്ധിച്ച അന്വേഷണമാണ് ഇവർ ഇവിടെ നടത്തുക. വുഹാനിലെ വെറ്റ് മാർക്കറ്റ് കേന്ദ്രീകരിച്ചായിരിക്കും സംഘത്തിന്റെ പ്രാഥമിക അന്വേഷണം.

രോഗം പൊട്ടിപ്പുറപ്പെട്ട നാൾ മുതൽ സംശയ നിഴലിൽ നില്ക്കുന്ന ഒന്നാണ് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി. കൊവിഡിന് കാരണമായ കൊറോണ വൈറസ് ഇവിടെ നിർമിച്ചതാണെന്നും ഇവിടെ നിന്നും ചോർന്നതാണെന്നും ഉൾപ്പെടെ നിരവധി ആരോപണങ്ങൾ നിലവിലുണ്ട്. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ കൊവിഡിന് സമാനമായ വൈറസുകളെ സൂക്ഷിച്ചിരുന്നതായി തെളിവുകളും പുറത്ത് വന്നിട്ടുണ്ട്.

എന്നാൽ ഇവിടേക്ക് ലോകാരോഗ്യ സംഘടനയുടെ സംഘം പരിശോധനയ്ക്കെത്തില്ല. അതുപോലെ തന്നെ തങ്ങൾ ആരെയൊക്കെ സന്ദർശിക്കുമെന്നോ ഏതൊക്കെ പ്രദേശങ്ങളിൽ പരിശോധന നടത്തുമെന്നോ ഉള്ള വിവരങ്ങൾ ലോകാരോഗ്യ സംഘടന കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ സംഘം ചൈനീസ് ഭരണകൂടത്തിന്റെ നിരീക്ഷണത്തിലായിരിക്കും. സംഘത്തിന്റെ ഓരോ ചലനത്തിന്റെയും നിയന്ത്രണവും ചൈനീസ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുമായിരിക്കും. 10 വർഷം മുമ്പ് കൊവിഡ് 19നോട് 96.2 ശതമാനം സാമ്യമുള്ള കൊറോണ വൈറസ് സാമ്പിൾ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ചിരുന്നതായി റിപ്പോർട്ട് പുറത്തു വന്നിരുന്നു.