തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്നയുടെ സരിത്തിന്റെയും ഫോൺ രേഖകൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കെ.ടി. ജലീൽ. കോൺസുൽ ജനറലിന്റെ നിർദേശപ്രകാരമാണ് സ്വപ്നയുമായി സംസാരിച്ചതെന്നും, അസമയത്തല്ല വിളിച്ചതെന്നും മന്ത്രി പറഞ്ഞു. സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'റംസാൻ കാലത്ത് സാധാരണ ഭക്ഷ്യ കിറ്റ് കൊടുക്കാറുണ്ട്. കഴിഞ്ഞ മേയ് 27ന് യു.എ.ഇ കോൺസുൽ ജനറലിന്റെ ഔദ്യോഗിക ഫോണിൽ നിന്ന് എനിക്കൊരു സന്ദേശം വന്നു. ഞങ്ങളുടെ അടുത്ത് ഭക്ഷണ കിറ്റുകളുണ്ട്. എവിടെയെങ്കിലും കൊടുക്കാനുണ്ടെങ്കിൽ അറിയിക്കണം. എങ്ങനെയാണ് ഇത് അറേഞ്ച് ചെയ്യുക എന്ന് ചോദിച്ചു. തുടർന്നാണ് സ്വപ്ന നിങ്ങളുമായി ബന്ധപ്പെടുമെന്ന് അദ്ദേഹം എനിക്ക് മെസേജ് ചെയ്തത്. കോൺസുൽ ജനറൽ പറഞ്ഞത് അനുസരിച്ചാണ് അവരുമായി ബന്ധപ്പെടുന്നത്.ആയിരത്തോളം ഭക്ഷണ കിറ്റുകൾ കിട്ടുകയും, വിതരണം ചെയ്യുകയും ചെയ്തു. യു.എഇ കോൺസുലേറ്റാണ് പണം കൺസ്യൂമർ ഫെഡിന് ട്രാൻസ്ഫർ ചെയ്തത്'- മന്ത്രി പറഞ്ഞു.
ജൂൺ മാസത്തിൽ ഒമ്പത് തവണയാണ് സ്വപ്ന മന്ത്രിയെ വിളിച്ചത്. കൂടാതെ പ്രതികൾ പലതവണ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം നാസറുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്. കോൺസുലേറ്റിൽ നിന്ന് പുറത്താക്കിയത് അറിഞ്ഞിരുന്നില്ലെന്നും, സരിത്ത് ഓഫീസിൽ വന്നിട്ടുണ്ടെന്നും നാസർ പറഞ്ഞു.