ന്യൂഡൽഹി : ദേശീയ കായികനയത്തിന് കടകവിരുദ്ധമായി പ്രവർത്തിച്ചുവന്നതിന്റെ പേരിൽ ഹോക്കി ഇന്ത്യ പ്രസിഡന്റ് സ്ഥാനത്തുനിന്ന് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം തനിക്ക് രാജിവയ്ക്കേണ്ടിവന്നതിൽ മത വിവേചനവും കാരണമായിട്ടുണ്ടെന്ന് മുഹമ്മദ് മുഷ്താഖ്.കേന്ദ്ര കായികമന്ത്രി കിരൺ റിജിജുവിന് അയച്ച കത്തിലാണ് ന്യൂനപക്ഷസമുദായാംഗമായതും തന്റെ പേര് മുഹമ്മദ് മുഷ്താഖ് എന്നായതും പുറത്താക്കലിന് കാരണമായതായി ആരോപിച്ചത്.
2018 ഒക്ടോബറിലാണ് നരീന്ദർ ബത്രയ്ക്ക് പകരം മുഷതാഖ് ഹോക്കി ഇന്ത്യ തലവനായത്. എന്നാൽ 2011ലെ സ്പോർട്സ് കോഡ് അനുസരിച്ച് കായിക ഫെഡറേഷൻ ഭാരവാഹിത്വത്തിൽ തുടർച്ചയായ രണ്ട് ടേം കഴിഞ്ഞാൽ കൂളിംഗ് ഒാഫ് പീരീഡ് വേണമെന്നുള്ള നിയമം മുഷ്താഖ് പാലിച്ചിരുന്നില്ല. 2010-14 കാലയളവിൽ ഹോക്കി ഇന്ത്യ ട്രഷററായും 2014-18 സമയത്ത് സെക്രട്ടറി ജനറലായും പ്രവർത്തിച്ചിരുന്ന മുഷ്താഖ് നാല് വർഷം മാറിനിന്ന ശേഷമേ വീണ്ടും ഭാരവാഹിത്വത്തിലെത്താൻ പാടുണ്ടായിരുന്നുള്ളൂ. ഇക്കാര്യം ചൂണ്ടിക്കാട്ടി കായികമന്ത്രാലയം കത്തുനൽകിയതോടെയാണ് മുഷ്താഖ് രാജിവച്ചത്.