sivsankar

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി സ്വപ്നയുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായി. അൽപംമുൻപ് കസ്റ്റംസ് ഉദ്യോഗസ്ഥർ പൂജപ്പുരയിലുള‌ള ശിവശങ്കറിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യാൻ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു.

എയർ കാർഗോ കമ്മീഷണർ രാമമൂർത്തിയുടെ നേതൃത്വത്തിൽ ഔദ്യോഗിക ബോർഡൊന്നും വയ്ക്കാത്ത കാറിലെത്തിയ സംഘമാണ് നോട്ടീസ് നൽകിയത്. സെക്രട്ടേറിയേറ്റിന് എതിർ‌വശത്തുള‌ള ഫ്ളാറ്രിലാണ് തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ ഗൂഡാലോചന നടന്നതെന്നാണ് കസ്‌റ്രംസ് സംഘം അനുമാനിക്കുന്നത്. ശിവശങ്കർ താമസിക്കുന്ന ഈ ഫ്ളാറ്ര് സമുച്ചയത്തിൽ സ്വപ്‌നയുടെ ഭർത്താവ് കഴിഞ്ഞ മാസത്തിൽ ഫ്ളാറ്റ് വാടകക്കെടുത്തിരുന്നു എന്ന സംശയം കസ്‌റ്രംസിനുണ്ട്.

സ്വർണകടത്ത് കേസിൽ ശിവശങ്കരന് പങ്കുണ്ടെന്ന കാര്യത്തിൽ തെളിവൊന്നും കസ്‌റ്റംസിന് ലഭിച്ചിട്ടില്ല. എന്നാൽ പ്രതികളുമായി ശിവശങ്കറിനുള‌ള ബന്ധം എന്താണെന്നും കള‌ളകടത്തിന് എന്തെങ്കിലും സഹായമുണ്ടായോ എന്നെല്ലാം ചോദിച്ചറിയാനാണ് കസ്‌റ്റംസ് ശ്രമിക്കുക.

സ്വർണക്കടത്ത് കേസ് പ്രതിയായ സരിത്തും സ്വപ്നയും ശിവശങ്കറുമായി ഫോണിൽ സംസാരിച്ചെന്ന് തെളിവ് ലഭിച്ചിട്ടുണ്ട്. 14 തവണയാണ് സരിത്തുമായി ശിവശങ്കർ സംസാരിച്ചത്. മന്ത്രി കെ.ടി.ജലീലിനെയും സ്വപ്ന ഫോണിൽ വിളിച്ചിട്ടുണ്ട്. എന്നാൽ ഇതെല്ലാം റംസാൻ കാലത്ത് യുഎഇ കോൺസുലേറ്രിലെ ഭക്ഷണവിതരണ കിറ്റിന്റെ കാര്യത്തിനാണെന്നും സ്വപ്‌നയെ വിളിച്ചത് യുഎഇ കോൺസുൽ ജനറൽ പറഞ്ഞതുകൊണ്ടാണെന്നും മന്ത്രി പ്രതികരിച്ചിട്ടുണ്ട്.