covid

വുഹാൻ പ്രവിശ്യയിൽ നിന്ന് പൊട്ടപ്പുറപ്പെട്ട മഹാമാരി മനുഷ്യരാശിയെ ഒന്നടങ്കം കാർന്നു തിന്നാനുള്ള പുറപ്പാടിലാണ്. എന്നാൽ കൊവിഡിനെ നശിപ്പിക്കുന്നതിനായി ലോകരാഷ്ട്രങ്ങൾ ഒന്നിച്ച് പോരാടുകയാണ്. കൊവിഡ് മഹാമാരി എല്ലാ മേഖലകളെയും സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. നിത്യ ജീവിതത്തിൽ തന്നെ എണ്ണമറ്റ മാറ്റങ്ങളിലൂടെയാണ് നാം നിത്യവും കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

വീട്ടിൽ നിന്നും പുറത്ത് പോകാൻ പറ്റാത്ത ഒരവസ്ഥയെ പറ്റി നമ്മൾ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടാകില്ല. യാത്രകളെ പ്രണയിക്കുന്ന ഓരോ സഞ്ചാരികളും നൂതന യാത്രകൾ അനുഭവിച്ചറിയാനുള്ള തയ്യാറെടുപ്പിലാണ്. കൊവിഡ് മഹാമാരിക്ക് ശേഷമുള്ള യാത്രകളിൽ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങൾ നോക്കിയാലോ?

പ്രാമുഖ്യം കൊവിഡിന് തന്നെ

പുതിയൊരു സ്ഥലത്തേയ്ക്ക് യാത്ര ചെയ്യാൻ തയ്യാറെടുക്കുമ്പോൾ ആ സ്ഥലത്തെ അടുത്തറിയേണ്ടത് അനിവാര്യമാണ്. സ്ഥലങ്ങളും, കാഴ്ചകളും മാത്രമല്ല അതൊരു കൊവിഡ് ബാധിത മേഘലയാണൊ അല്ലെങ്കിൽ ആ പ്രദേശത്തെ കൊവിഡ് ബാധിച്ചിരുന്നൊ എന്നുകൂടി വ്യക്തമായി മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. അങ്ങനെയാണെങ്കിൽ ലോകാരോഗ്യ സംഘടന നിഷ്ക്കർഷിച്ചിട്ടുള്ള എല്ലാ മുൻകരുതലുകളും നിർബന്ധമായും പ്രായോഗികമാക്കണം.

മാസ്ക്

നിർബന്ധമായും മാസ്ക് ധരിച്ച് മാത്രമെ പുറത്തിറങ്ങാൻ പാടുള്ളു. വിജനമായ സ്ഥലങ്ങളിലേയ്ക്കാണ് യാത്ര എങ്കിൽ പോലും മാസ്ക് ധരിക്കേണ്ടത് ഇപ്പോഴത്തെ സാഹചര്യത്തിൽ അനിവാര്യമാണ്. മാസ്ക്ധാരണം ഒരു ശീലമാക്കി മാറ്റുക.

ആരോഗ്യ സേതു ആപ്പ്

മൊബൈല്‍ ഫോണിൽ ബ്ലൂ ടൂത്തും ലൊക്കേഷന്‍ സര്‍വ്വീസും ഉപയോഗിച്ച് രോഗിയെയും രോഗബാധയുള്ള ഇടങ്ങളെയും നിരീക്ഷിക്കാൻ സഹായിക്കുന്ന ആപ്പാണിത്. താമസിക്കുന്ന പ്രദേശത്തിന്‍റെ സുരക്ഷിതത്വവും ഈ ആപ്പലൂടെ അറിയാൻ സാധിക്കും. ഈ ആപ്പ് ഉപയോഗിക്കുന്നവരുടെ ഫോണ്‍ കോണ്‍ടാക്റ്റുകള്‍ ആപ്പ് ഉപയോഗിക്കുന്നുണ്ടെങ്കില്‍, അവര്‍ക്ക് രോഗം വന്നാലും അറിയാൻ കഴിയും.

ഫോറിൻ യാത്രകൾ തത്കാലം വേണ്ട

പുതിയ സഞ്ചാരപാതകൾ തേടി അലയുന്നവർക്ക് സ്വന്തം രാജ്യത്തെ സുരക്ഷിതമായ സ്ഥലങ്ങൾ എക്സ്പ്ളോർ ചെയ്യാം. കഴിവതും തിരക്ക് കൂടിയ സ്ഥലങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഏത് യാത്ര പോകുമ്പോഴും സുരക്ഷയ്ക്കാണ് പ്രാമുഖ്യം നൽകേണ്ടത്. പൊതുഗതാഗതം പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

മുൻഗണന ശുചിത്വത്തിന്

ചെലവ് ചുരുക്കുന്നതിനേക്കാൽ പ്രാധാന്യം നൽകേണ്ടത് ശുചിത്വത്തിനാണ്. ഹാൻഡ് സാനിറ്റൈസറുകൾ കൈയിൽ കരുതാൻ ഒരു കാരണവശാലും മറക്കരുത്. വ‌ൃത്തിയുള്ള സ്ഥലങ്ങളിൽ നിന്ന് മാത്രം ഭക്ഷണം മേടിക്കാൻ ശ്രദ്ധിക്കുക. കഴിവതും യാത്രാവേളകളിൽ ഭക്ഷണം കൈയിൽ കരുതുന്നതാണ് നല്ലത്.