samaram-opinion
കോട്ടയം ഡയറി

കൊവിഡ് നിയന്ത്രണത്താൽ സ്ഥിരം സമര മുറകൾ പുറത്തെടുക്കാൻ മടിച്ചവർക്ക് സുവർണാവസരമായി സ്വർണക്കടത്ത് വിവാദം. മാസ്ക്ക് വലിച്ചെറിഞ്ഞ് ചാനൽ കാമറകൾക്കു മുന്നിൽ ഉന്തും തള്ളും നടത്തി മത്സരിക്കുകയാണ് കോൺഗ്രസ് ബി.ജെ.പി ഛോട്ടാ നേതാക്കൾ. കൊവിഡിൽ ശരീരം ഇളക്കാതിരുന്ന പൊലീസുകാർക്ക് ലാത്തി വീശൽ നല്ല എക്സർസൈസുമായി. തലങ്ങും വിലങ്ങും അടിയും ജലപീരങ്കിയുമെല്ലാമായ് അരങ്ങുകൊഴുക്കുകയാണ്.

കേന്ദ്രസംസ്ഥാന ഓഫീസുകൾക്ക്

മുന്നിൽ കുത്തിയിരുന്നുള്ള വഴിപാട് സമര മുറയായിരുന്നു എല്ലാ രാഷ്ടീയ പാർട്ടികളും നടത്തി വന്നത്. മാദ്ധ്യമശ്രദ്ധ കിട്ടാതെ വന്നതോടെ കൗതുകകരമായ സമരമുറകൾ പരീക്ഷിച്ചു തുടങ്ങി.

കേരളകോൺഗ്രസ് ഗ്രൂപ്പുകളിലെ നേതാക്കൾ കഴിഞ്ഞിട്ടേ മാദ്ധ്യമശ്രദ്ധ പിടിച്ചു പറ്റുന്ന സമരമുറകളുള്ളൂ. പി.സി.തോമസായിരുന്നു ഇക്കാര്യത്തിൽ മുന്നിൽ .റബർ വിലയിടിവിനെതിരെ റബർ ഷീറ്റ് ഉടുത്തും. റബർഷീറ്റിൽ കിടന്നു

റോഡിൽ ശയനപ്രദക്ഷിണം നടത്തിയും റബർ തടി ചുമന്നുമൊക്കെ എത്ര സമരങ്ങളാണ് പാർലമെന്റിന് മുന്നിലും കോട്ടയം ഹെഡ് പോസ്റ്റാഫീസിനും കളക്ടറേറ്റിനു മുന്നിലും നടത്തിയത്. മുല്ലപ്പെരിയാർ ഡാം ചോർച്ച പ്രശ്നത്തിൽ വെള്ളത്തിൽ ചാടിയും വീപ്പക്കുറ്റിയിൽ വെള്ളം നിറച്ച് അതിൽ ഇറങ്ങിയും വരെ സമരം ചെയ്തിട്ടുണ്ട് പി.സി. തോമസിന്റെ പാത പിന്തുടരുന്ന യുവ സിംഗം മഞ്ഞ കടമ്പൻ തെരുവു നായ്ക്കളുടെ ശല്യത്തിനെതിരെ കുറേ നായ്ക്കളെ കൊന്ന് നഗരസഭാ കവാടത്തിന് മുന്നിൽ കെട്ടിതൂക്കിയിട്ട് പ്രദർശിപ്പിച്ചുള്ള സമരം വരെ നടത്തിയിരുന്നു . മൃഗസ്നേഹി മേനകാഗാന്ധി കേസെടുക്കുന്നതിൽ വരെ ഈ സമരം എത്തി. മാദ്ധ്യമശ്രദ്ധ പിടിച്ചു പറ്റാൻ മൂക്കിൽ പഞ്ഞിയും വച്ച് ശവപ്പെട്ടിയിൽ കിടന്നുള്ള 'സമരാഭാസമുറകൾ' വരെ കേരളകോൺഗ്രസുകളുടെ പേരിൽ അരങ്ങേറി.

കൊവിഡ് കാലമെത്തിയതോടെ പഴയ സമരമുറകൾ ഏശാതെ വന്നു . സാമൂഹ്യ അകലം പാലിച്ച് അഞ്ചു പേരിൽ കൂടുതൽ സമരം നടത്തരുതെന്ന നിബന്ധന മുഖാവരണം ധരിച്ച് പാലിച്ചു . ഇപ്പോൾ കാമറ കാണുമ്പോൾ മുഖാവരണം കഴുത്തിലേക്ക് താഴ്ത്തും. അഞ്ചു പേരെന്നത് നേതാക്കളുടെ പടയായി മാറി.

പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ കേരളകോൺഗ്രസ് ജോസ് വിഭാഗം അനുയായികളാണ് മൂക്കിൽ പഞ്ഞിയും വച്ച് ശവപ്പെട്ടിയിൽ കിടന്നത് . കാമറക്കു മുന്നിൽ കൂടുതൽ സമയം പോസ് ചെയ്താൽ തട്ടിപ്പോകുമെന്ന് മനസിലാക്കി ശ്വാസം എടുത്തതോടെ മൂക്കിൽ വെച്ച പഞ്ഞി തെറിച്ചു . പത്ര ,ചാനൽ കാമറാമാന്മാർക്കു മാത്രമല്ല നാട്ടുകാർക്ക് ചിരിക്കാനുള്ള വകയുമായി.

ഇന്ധനവില വർദ്ധനവ് പ്രതിഷേധക്കാരുടെ ഇഷ്ട വിഷയമാണ്. കാളവണ്ടിയും ഉന്തു വണ്ടിയും ഇറക്കാം, കാറ് കെട്ടി വലിക്കാം, ബൈക്ക് തള്ളാം ,തെരുവിൽ അടുപ്പ് കൂട്ടാം , ചൂട്ട് കത്തിക്കാം. പത്ര ചാനൽ കാമറാമാൻമാരെ ഉറപ്പാക്കിയേ പ്രതിഷേധ സമരം നടത്തൂ. ഇവർ പോകുന്നതോടെ സമരവും തീരും.

സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള ഏതു സമരത്തിലും പൊലീസ് ബാരിക്കേഡ് കണ്ടാൽ ബി.ജെ.പിയെന്നോ കോൺഗ്രസെന്നോ വ്യത്യാസമില്ലാതെ പ്രവർത്തകർക്ക് ഹാലിളകും. ഉന്തും തള്ളുമാകും. ബാരിക്കേഡിൽ ചാടിക്കയറാൻ നോക്കും താഴെയിറക്കാൻ പൊലീസും നോക്കും. പിന്നെ ജലപീരങ്കിപ്രയോഗം. വെള്ളം വീഴാതിരിക്കാനുള്ള പണി സമരക്കാർ മനസിലാക്കിതുടങ്ങിതോടെ ഇനി വേറെ പണി വേണ്ടിവരും . നായ്ക്കരണ പൊടി കലക്കിയ വെള്ളമാണെങ്കിൽ സമരക്കാർ ചൊറിഞ്ഞു മടുക്കും . ഇനി അതൊന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ് !