മുംബയ് : കൊവിഡിനെ അതിജീവിച്ച് അന്താരാഷ്ട്ര തലത്തിൽ ക്രിക്കറ്റ് മത്സരം തുടങ്ങിയിട്ടും ഇന്ത്യയിൽ പരിശീലനം പോലും ആരംഭിക്കാൻ സാധിക്കാത്ത രീതിയിൽ കൊവിഡ് രൂക്ഷമായി തുടരുന്നത് ബി.സി.സി.ഐയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു.
ഇംഗ്ളണ്ടും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ക്രിക്കറ്റ് ടെസ്റ്റ് തുടങ്ങിയപ്പോൾ അതുപോലൊരു തിരിച്ചുവരവാണ് ബി.സി.സി.ഐ പ്രതീക്ഷിച്ചിരുന്നത്. മത്സരങ്ങളും പരിശീലനവും പുനരാംഭിക്കാനായി ബി.സി.സി.ഐ പദ്ധതികൾ തയ്യാറാക്കിയിരുന്നെങ്കിലും കൊവിഡ് അതൊന്നും നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യമാണ് സൃഷ്ടിക്കുന്നത്.ലോക്ക്ഡൗണിൽ വീടുകളിലും ഫ്ളാറ്റുകളിലും കുടങ്ങിപ്പോയ കളിക്കാർ സ്വന്തം നിലയിൽ ഗ്രണ്ടുകളിലെത്തി ഇപ്പോൾ പരിശീലനം തുടങ്ങിയിട്ടുണ്ട്.
ഇൗ മാസം മദ്ധ്യത്തോടെ സെൻട്രൽ കോൺട്രാക്ട് ഉള്ള കളിക്കാരെ ഉൾപ്പെടുത്തി ദേശീയ ക്യാമ്പ് തുടങ്ങാമെന്ന് പദ്ധതിയിട്ടിരുന്നെങ്കിലും ദേശീയ ക്രിക്കറ്റ് അക്കാഡമി സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ക്യാമ്പിന്റെ സ്ഥിരം വേദിയായ ബംഗളുരു ഇപ്പോൾ വീണ്ടും ലോക്ക്ഡൗണിലായിട്ടുണ്ട്. പ്ളാൻ ബി ആയി ധർമ്മശാലയിൽ ക്യാമ്പ് നടത്താൻ ആലോചിക്കുന്നുണ്ടെങ്കിലും വിമാനസർവീസുകൾ തുടങ്ങാത്തതിനാൽ അന്തിമ തീരുമാനം എടുത്തിട്ടില്ല.
ആസ്ട്രേലിയയിൽ നടക്കേണ്ട ട്വന്റി -20 ലോകകപ്പ് മാറ്റിവയ്ക്കുന്നതിൽ അന്തിമ തീരുമാനം വരാത്തതിനാൽ സെപ്തംബർ -ഒക്ടോബർ മാസങ്ങളിലായി ഐ.പി.എൽ നടത്താൻ കഴിയുമോ എന്നതിലും അന്തിമ തീരുമാനമായിട്ടില്ല.ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ അടുത്ത ബോർഡ് മീറ്റിംഗിൽ ലോകകപ്പ് സംബന്ധിച്ച അന്തിമ തീരുമാനം വരുമെന്നും അടുത്തയാഴ്ച തന്നെ മീറ്റിംഗ് നടക്കുമെന്നും പ്രതീക്ഷിക്കുന്നു.
ക്യാമ്പ് നടത്തുകയാണെങ്കിൽ താരങ്ങളെ രണ്ടാഴ്ച മുമ്പെങ്കിലും അവിടെയെത്തിച്ച് ക്വാറന്റൈനിലാക്കണം. പിന്നീട് ഐ.പി.എൽ നടത്തുകയാണെങ്കിൽ അതിന് മുമ്പും ക്വാറന്റൈൻ വേണം. ഐ.പി.എൽ കഴിഞ്ഞ് ആസ്ട്രേലിയൻ പര്യടനത്തിന് പോകുമ്പോഴും ക്വാറന്റൈൻ വേണം. ഇങ്ങനെ ക്വാറന്റൈനിൽ കഴിയേണ്ടി വരുന്നത് കളിക്കാരെ മാനസികമായി ബാധിക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കൊവിഡിന്റെ രൂക്ഷതയിൽ മാറ്റം വരുന്നില്ലെങ്കിൽ ആസ്ട്രേലിയൻ പര്യടനത്തിലെ ഏകദിന ,ട്വന്റി-20 ഫോർമാറ്റുകളിൽ ഏതെങ്കിലും ഒന്നിലെ പരമ്പര റദ്ദാക്കേണ്ടിവരുമെന്നും സൂചനയുണ്ട്.
ഇൗ വർഷത്തെ നഷ്ടം പരിഹരിക്കാൻ അടുത്ത സീസൺ ഐ.പി.എൽ നേരത്തേ തുടങ്ങി കൂടുതൽ ദിവസമെടുത്ത് നടത്താനും ആലോചനയുണ്ട്.