suraj-

അടൂർ: ഞാനാണ്... ഞാനാണ് ഉത്രയെ കൊന്നത് - സ്വത്ത് തട്ടിയെടുക്കാൻ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സൂരജ് കരഞ്ഞുകൊണ്ട് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ തെളിവെടുപ്പിനായി ഇന്നലെ പറക്കോട്ടെ വീട്ടിലെത്തിച്ചപ്പോഴായിരുന്നു നാടകീയ രംഗം.

മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കണമെന്ന രീതിയിലായിരുന്നു തുടക്കം മുതൽ സൂരജ്. തെളിവെടുപ്പിന് ശേഷം തിരിച്ചിറങ്ങിയപ്പോൾ അടുത്തെത്തിയ മാദ്ധ്യമ പ്രവർത്തകർക്ക് മുന്നിൽ പൊട്ടിക്കരയുകയായിരുന്നു. കൊലപാതകത്തിൽ തന്റെ മാതാപിതാക്കൾക്കോ സഹോദരിക്കോ യാതൊരു പങ്കുമില്ലെന്നും പറഞ്ഞു. എന്തിനുവേണ്ടിയാണ് ഉത്രയെ കൊന്നതെന്ന് ചോദിച്ചപ്പോൾ നിശബ്ദനായി മുഖം കുനിച്ചു.

"ഒരു പെൺകട്ടിക്കും ഇങ്ങനെ സംഭവിക്കരുതെന്നും പാമ്പിനെ വാങ്ങിയത് കൊലപാതകത്തിനാണെന്ന് അറിഞ്ഞില്ലെന്നും" മറ്റൊരു പ്രതിയായ പാമ്പുപിടുത്തക്കാരൻ സുരേഷ് കുമാറും മാദ്ധ്യമങ്ങളോട് പറഞ്ഞു.

അണലിയെ പിടികൂടിയ കല്ലുവാതുക്കൽ തിരുഈഴായിക്കോട് ക്ഷേത്രത്തിന് സമീപത്തെ കാർത്തികേയന്റെ വീട്ട് പുരയിടത്തിലും അണലിയെ സൂക്ഷിക്കാനായി ജാർ വാങ്ങിയ ചാത്തന്നൂർ ടൗണിലെ കടയിലും എത്തിച്ചും തെളിവെടുപ്പ് നടത്തി.

നേരത്തെ ഉത്രയുടെ അഞ്ചലിലെ വീട്ടിൽ സൂരജിനെ തെളിവെടുപ്പിന് ക്രൈംബ്രാഞ്ച് എത്തിച്ചപ്പോൾ താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നാണ് ഉത്രയുടെ അമ്മയോട് ഇതേപോലെ പൊട്ടിക്കരഞ്ഞുകൊണ്ട് സൂരജ് പറഞ്ഞത്. സൂരജിന്റെ പറക്കോട്ടെ വീട്ടിൽ കൊണ്ടുവന്നപ്പോൾ പൊലീസ് കുറ്റം അടിച്ചേൽപ്പിക്കുകയായിരുന്നെന്നും പ്രതികരിച്ചിരുന്നു. കുടുംബാംഗങ്ങൾ പ്രതിചേർക്കപ്പെടുമെന്ന് വന്നതോടെയാണ് സൂരജിന്റെ ചുവടുമാറ്റമെന്നാണ് കരുതുന്നത്. പുനലൂർ ഡി.എഫ്.ഒ ഷാനവാസ്, അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ. ജയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

---------------

പാമ്പിനെ പിടിക്കാൻ പരിശീലനം

പാമ്പിനെ സൂക്ഷിച്ചത് സംബന്ധിച്ച് തങ്ങൾക്ക് യാതൊന്നും അറിയില്ലെന്ന് സൂരജിന്റെ മാതാവ് രേണുകയും സഹോദരി സൂര്യയും ഇന്നലെയും ചോദ്യം ചെയ്യലിൽ ആവർത്തിച്ചു. പാമ്പിനെ പിടിക്കുന്നത് സംബന്ധിച്ച് തങ്ങളുടെ വീട്ടിൽ സുരേഷ് കുമാർ നടത്തിയ പരിശീലനത്തിൽ പങ്കെടുത്തിരുന്നു. ഫെബ്രുവരി 24നായിരുന്നു പരിശീലനം. വീടിന്റെ പരിസരത്ത് പാമ്പുകളേറെയുണ്ടെന്നും ഇവയെ പിടിക്കണമെന്നും പറഞ്ഞാണ് സുരേഷിനെ സൂരജ് വീട്ടിലെത്തിച്ചത്. പാമ്പിനെ പിടിക്കുന്ന രീതി സുരേഷ് കാട്ടിക്കൊടുത്തു. അപ്പോൾ തങ്ങൾ പാമ്പിനെ കൈകൊണ്ട് എടുത്തിരുന്നതായും രേണുകയും സൂര്യയും പറഞ്ഞു. ഇതിനുശേഷം മാർച്ച് 2നാണ് സുരേഷ് സൂരജിന് അണലിയെ നൽകിയത്.