aishwarya-rai

മുംബയ്: ബച്ചൻ കുടുംബത്തിൽ അമിതാഭ് ബച്ചൻ ഉൾപ്പടെ നാലുപേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 30ഓളം ജീവനക്കാർ ക്വാറന്റൈനിൽ പോകുകയും ചെയ്തത് ബോളിവുഡ് ഞെട്ടലോടെയാണ് കേട്ടത്. ഇവർക്ക് പൂർണാരോഗ്യം നേർന്നുകൊണ്ട് മലയാളത്തിൽ നിന്നുൾപ്പടെ നിരവധി പ്രമുഖർ സന്ദേശങ്ങൾ പങ്കുവച്ചിരുന്നു. അതേസമയം,​ രോഗബാധിതരായി മുംബയ് നാനാവതി ആശുപത്രിയിൽ ചികിത്സയിലുള്ള അമിതാഭ് ബച്ചന്റെയും മകനും നടനുമായ അഭിഷേക് ബച്ചന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

77 വയസുള്ള അമിതാഭ് ബച്ചന് കരൾരോഗവും ആസ്മയും ഉള്ളതിനാൽ മെഡിക്കൽ സംഘം അതീവ ജാഗ്രതയിലാണ്. ഇരുവരേയും കുറച്ചുകൂടി സൗകര്യമുള്ള ഡീലക്സ് മുറികളിലേക്ക് കഴിഞ്ഞദിവസം മാറ്റി. നാനാവതി ആശുപത്രിയിലെ കൊവിഡ് വിഭാഗത്തിൽ തൊട്ടടുത്ത മുറികളിലാണ് ബച്ചനും അഭിഷേകും. കൊവിഡ് സ്ഥിരീകരിച്ച് ഹോം ക്വാറന്റാനിൽ കഴിയുന്ന ഐശ്യര്യ റായ്, മകൾ ആരാധ്യ എന്നിവരുടെ നിലയും തൃപ്തികരമാണെന്ന് കുടുംബവൃത്തങ്ങൾ പറഞ്ഞു.

♦ ഉറവിടം ഡബ്ബിംഗ് യാത്രയോ വീട്ടിലെ ഷൂട്ടിംഗോ?​

ഈ മാസം ആദ്യം അഭിഷേക് ബച്ചൻ താൻ അഭിനയിച്ച വെബ് സീരീസിന്റെ ഡബ്ബിംഗിന് ഏതാനും ദിവസം പുറത്തുള്ള സ്റ്റുഡിയോയിൽ പോയിരുന്നു. ആ യാത്രയ്ക്കിടെയാകും കൊവിഡ് ബാധിച്ചതെന്ന സംശയമുയർന്നിട്ടുണ്ട്. എന്നാൽ, അഭിഷേകിനൊപ്പം ഡബ്ബ് ചെയ്ത നടൻ അമിത് സാധിന്റെ പരിശോധനാഫലം നെഗറ്റീവാണ്. അതേസമയം,​ കൊവിഡ് നിയന്ത്രണങ്ങൾ കാരണം വീടിന് പുറത്തുള്ള ചിത്രീകരണങ്ങൾ നിറുത്തിവച്ചിരുന്ന അമിതാഭ് ബച്ചൻ,​ സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോയ്ക്കായി വീട്ടിലൊരുക്കിയ സെറ്റിൽ കഴിഞ്ഞദിവസം അഭിനയിച്ചിരുന്നു. ഇതിന്റെ ചിത്രീകരണത്തിനായി 25ഓളം പേർ പുറത്തുനിന്നെത്തിയിരുന്നു.

♦ ക്വാറന്റീനിൽ 30 ജോലിക്കാർ

ബച്ചൻ കുടുംബത്തിലെ 3 തലമുറയിലെ 4 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ജീവനക്കാരും വേലക്കാരുമായ 30 പേരെ ക്വാറന്റൈനിലാക്കി. ബച്ചൻ കുടുംബത്തിന്റെ ബംഗ്ലാവിൽ തന്നെയാണ് എല്ലാവരും കഴിയുന്നത്.

♦ 4 ബംഗ്ലാവുകൾ

ജുഹു ബീച്ചിനോട് ചേർന്നാണ് അമിതാഭ് ബച്ചന്റെ രണ്ട് ബംഗ്ലാവുകൾ. ബീച്ചിനോട് കുറച്ചുകൂടി അടുത്തായിട്ടാണ് അഭിഷേകും ഭാര്യ ഐശ്വര്യ റായിയും കുഞ്ഞും ബച്ചനൊപ്പം താമസിക്കുന്ന ജൽസ എന്ന ബംഗ്ലാവ്. ജനക്, വാത്‌സ എന്നീ വീടുകളിൽ ‘ജനക്’ ഓഫിസായി ഉപയോഗിക്കുന്നു. നാലാമത്തെ വസതി ഒരു ബാങ്കിന് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. കുടുംബത്തിന്റെ അതിഥികളായി എത്തുന്നവർക്കുള്ള താമസകേന്ദ്രമാണ് ബച്ചന്റെ ആദ്യബംഗ്ലാവായിരുന്ന ‘പ്രതീക്ഷ’ ഇപ്പോൾ.

ശ്രദ്ധാകേന്ദ്രമായി നാനാവതി

ബച്ചന്റെ സ്ഥിരം ഡോക്ടർമാർ ലീവാവതി ആശുപത്രിയിൽ നിന്നു മാറി നാനാവതിയിലെത്തിയതാണ് ചികിത്സയ്ക്കായി ഈ ആശുപത്രി തിരഞ്ഞെടുക്കാൻ ഒരു കാരണം. കരൾ രോഗവുമായി ബന്ധപ്പെട്ട് ഏപ്രിലിൽ ബച്ചൻ ഇവിടെ ചികിത്സ തേടിയിരുന്നു. ഒറ്റപ്പെട്ടു നിൽക്കുന്ന കെട്ടിടത്തിലാണ് നാനാവതിയിലെ കൊവിഡ് വിഭാഗം. മൂന്നാം നിലയിൽ 360, 361 റൂമുകളിലാണ് യഥാക്രമം അഭിഷേകും, അമിതാഭ് ബച്ചനും ചികിത്സയിലുള്ളത്.

ആശങ്കയിൽ ബിടൗൺ

ശനിയാഴ്​ചയാണ്​ ബോളിവുഡ്​ നടി രേഖയുടെ സഹായിക്ക് കൊവിഡ്​ സ്​ഥിരീകരിച്ചത്​. തുടർന്ന് നടിയുടെ മുംബയ് ബാന്ദ്രയിലുള്ള ബംഗ്ലാവ് സ്ഥിതിചെയ്യുന്ന സ്ഥലം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. നേരത്തെ, നടൻ ആമിർ ഖാൻ, നടി ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ,​ മകൾ ജാൻവി കപൂർ എന്നിവരുടെ വീട്ടുജോലിക്കാർക്കും ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബംഗാളി നടി കോയൽ മല്ലിക്കിനും കുടുംബത്തിനും കൊവിഡ്​ സ്​ഥിരീകരിച്ചതാണ്​ മറ്റൊരു സംഭവം. കോയലിന്റെ പിതാവും ബംഗാളി അഭിനേതാവുമായ രൻജിത്​ മല്ലിക്കിനും മാതാവ്​ ദീപ മല്ലിക്കിനും ഭർത്താവും നിർമാതാവുമായ നിസ്​പാൽ സിംഗിനും കൊവിഡ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​. ബോളിവുഡ് നടൻ കിരൺ കുമാറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.