തിരുവനന്തപുരം: സ്വർണകടത്ത് കേസിൽ പ്രതികളായ സ്വപ്നയുമായും സരിത്തുമായി ബന്ധപ്പെട്ട് കസ്‌റ്രംസ് ചോദ്യം ചെയ്യുന്ന ശിവശങ്കറിന് എന്തെങ്കിലും വീഴ്ചകളുണ്ടായി എന്ന് മനസ്സിലായാൽ സർക്കാർ നിലപാടെടുക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും അംഗങ്ങളായ സമിതി ഇതിനെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. സമിതിയുടെ റിപ്പോർട്ട് വന്ന ശേഷം വേണ്ട നടപടി എടുക്കും. ഈ സമിതി അംഗങ്ങൾക്ക് കേസുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് തയ്യാറാക്കിയ റിപ്പോർട്ട് വാങ്ങാനാകും. ആ റിപ്പോർട്ട് പരിശോധിച്ച ശേഷം അന്തിമ റിപ്പോർട്ട് തയ്യാറാക്കി സർക്കാരിനെ അറിയിക്കും. ശിവശങ്കറും സ്വപ്നയുമായി ഉളള ബന്ധത്തെ കുറിച്ച് സ്പെഷൽ ബ്രാഞ്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു എന്നും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് പൂഴ്‌ത്തി എന്നതുമെല്ലാം കഥ മാത്രമാണ്. ശിവശങ്കരനെതിരെ സംശയാസ്പദമായി നിലവിൽ തെളിവൊന്നും ലഭിച്ചിട്ടില്ല. എന്നാൽ ഇന്ന് ഇല്ല എന്ന് കരുതി നാളെ വന്നുകൂടായ്കയൊന്നുമില്ല. സംശയാസ്‌പദമായ കാര്യങ്ങൾ അന്വേഷണത്തിൽ വന്നാൽ ഒരുവിധത്തിലും സംരക്ഷിക്കില്ല. തുടർന്ന് അതിന്റെ ഭാഗമായി നടപടി വരും. ഒരാളെ സസ്പെൻഡ് ചെയ്യാൻ അടിസ്ഥാന വസ്തുതകൾ വേണം. ഇതുവരെ അത്തരത്തിൽ വസ്തുതകളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്വപ്ന സുരേഷ്, മന്ത്രി കെ.ടി. ജലീലിനെ വിളിച്ചതിനെ സംബന്ധിച്ച വിവാദത്തിൽ മന്ത്രിയുടെ വിശദീകരണം പര്യാപ്‌തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. റംസാൻ കിറ്റുമായി ബന്ധപ്പെട്ട കാര്യത്തിൽ കോൺസുലേറ്രിന്റെ നിർദ്ദേശമനുസരിച്ചാണ് മന്ത്രിയെ സ്വപ്ന വിളിച്ചത്. ഇക്കാര്യം മന്ത്രിതന്നെ പറഞ്ഞു കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ പരിധിയിൽ വരുമോ എന്ന ചോദ്യത്തിന് കൃത്യമായ അന്വേഷണം നടക്കുകയാണ് അതിന്റെ ഭാഗമായി എത്തേണ്ടിടത്ത് എത്തും. അന്വേഷണം അന്വേഷണത്തിന്റെ മുറക്ക് നടക്കട്ടെയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.