കയ്പമംഗലം (തൃശൂർ): സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതോടെ
മൂന്നാം പ്രതിയായ ഫൈസൽ ഫരീത് മാദ്ധ്യമങ്ങൾക്കെതിരെ കേസുകൊടുക്കാനുള്ള നീക്കത്തിൽ നിന്ന് പിൻമാറി.
കേസുമായി യാതൊരു ബന്ധവുമില്ലാത്ത തന്നെ അപകീർത്തിപ്പെടുത്തിയെന്ന് കാട്ടി കഴിഞ്ഞദിവസം വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു.
ഫൈസലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ മൂന്നുപീടിക പള്ളിത്താനത്തുള്ള അടഞ്ഞുകിടക്കുന്ന വീട്ടിലേക്ക് മാർച്ച് നടത്തിയിരുന്നു. തുടർന്ന്
ബി.ജെ.പിക്കും, നേതാക്കൾക്കും എതിരെ 10 കോടി രൂപയുടെ മാനനഷ്ടത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടിലുള്ള ബന്ധുവിനെ കൊണ്ട് കയ്പമംഗലം പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു.വാറണ്ട് അറിഞ്ഞതോടെ പരാതി നൽകിയ ബന്ധു അത് പിൻവലിച്ച് തടിയൂരി.