
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുളള കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ക്വാറന്റീനിൽ. കൊവിഡ് സ്ഥിരീകരിച്ച കാശ്മീർ ബി.ജെ.പി അദ്ധ്യക്ഷൻ എസ്.എച്ച് രവീന്ദര്‍ റെയ്‌നയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് ജിതേന്ദ്ര സിംഗ് സ്വയം നിരീക്ഷണത്തിൽ പോയത്.ജിതേന്ദ്ര സിംഗ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്താനായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് കഴിഞ്ഞ ഞായറാഴ്ച കാശ്മീർ സന്ദർശിക്കുകയും റെയ്‌നയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ശ്രീനഗറിൽ നിന്ന് ബന്ദിപ്പൊര വരെ റെയ്‌ന ജിതേന്ദ്ര സിംഗിനെ അനുഗമിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബി.ജെ.പി അദ്ധ്യക്ഷന് കൊവിഡ് സ്ഥിരീകരിച്ചത്.
"രവീന്ദര്‍ റെയ്‌നയുടെ പരിശോധന ഫലം പോസിറ്റീവായ സാഹചര്യത്തില്‍ ഇന്ന് വൈകുന്നേരം നാല് മണിയോടെ ഞാന്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചു.ജൂലായ് 12ന് ശ്രീനഗര്‍ മുതല്‍ ബന്ദിപ്പൊര വരെ അദ്ദേഹം ഞങ്ങളെ അനുഗമിച്ചിരുന്നു." ജിതേന്ദ്ര സിംഗ് ട്വിറ്ററിൽ കുറിച്ചു.
Have gone into Self-Quarantine with immediate effect from 4 PM today, after receiving the news about #Corona positive test of J&K BJP President Sh Ravinder Raina who had accompanied us from Srinagar to Bandipora on 12th July.
— Dr Jitendra Singh (@DrJitendraSingh) July 14, 2020
കൊവിഡ് സ്ഥിരീകരിച്ച എസ്.എച്ച് രവീന്ദര്‍ റെയ്‌ന ഇപ്പോൾ റിയാസിയിലെ നാരായണ ആശുപത്രിയിൽ ചികിത്സയിലാണ്. ജൂലായ് 12ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്, രവീന്ദര്‍ റെയ്‌ന, ജിതേന്ദ്ര സിംഗ്, ദേശീയ ഉപാദ്ധ്യക്ഷന്‍ അവിനാശ് റായ് ഖന്ന എന്നിവര്‍ ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തിയ ബിജെപി നേതാവ് വസീം ബാരിയുടെ വീട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.