സാവോപോളോ : രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതിൽ നിന്നും കരകയറാനാകാതെ ബുദ്ധിമുട്ടുകയാണ് ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീൽ. ഇതേവരെ 1,888,889 പേർക്കാണ് ബ്രസീലിൽ കൊവിഡ് സ്ഥിരീകരിച്ചത്. 72,950 പേർ മരിച്ചു. നിലവിൽ രോഗികളുടെ എണ്ണത്തിൽ അമേരിക്കയ്ക്ക് തൊട്ടുപിന്നിലാണ് ബ്രസീലിന്റെ സ്ഥാനം. രോഗവ്യാപനം അതിതീവ്രമായി തുടരുന്ന ബ്രസീലിൽ സുരക്ഷിതമായി ജീവിക്കാൻ തങ്ങളുടേതായ ഒരു ഐഡിയ കണ്ടെത്തിയിരിക്കുകയാണ് ഈ ബ്രസീലിയൻ ദമ്പതികൾ.
റിയോ ഡി ജനീറോ സ്വദേശികളായ 66 കാരൻ ടെർഷിയോ ഗാൽഡിനോയും ഭാര്യ അലീഷ്യ ലിമയും ഇപ്പോൾ ഒരു പ്രത്യേക സുരക്ഷാ വസ്ത്രവും ധരിച്ചാണ് വീടിനു പുറത്തേക്ക് ഇറങ്ങുന്നത്. കണ്ടാൽ ബഹിരാകാശ സഞ്ചാരികളെ പോലെയിരിക്കും. !
കാണുന്നവർക്ക് കൗതുകമാണെങ്കിലും ഈ മാരക വൈറസിൽ നിന്നും രക്ഷനേടാൻ വാക്സിനൊന്നും നിലവിൽ കണ്ടെത്തിയിട്ടില്ലാത്ത സ്ഥിതിയ്ക്ക് ഇങ്ങനെയൊക്കെ സ്വയം രക്ഷാമാർഗങ്ങൾ കണ്ടെത്തുകയല്ലേ നിവൃത്തിയുള്ളു. അക്കൗണ്ടന്റായ ടെർഷിയോ ഈ സ്യൂട്ട് പ്രത്യേകം വാങ്ങിയതാണ്. ബഹിരാകാശ യാത്രികരുടേത് പോലുള്ള ഹെൽമറ്റ് ടെർഷിയോ സ്വയം നിർമിച്ചതും.
ആദ്യം ഈ സ്യൂട്ടും ഹെൽമെറ്റുമൊക്കെ വച്ച് തെരുവിലൂടെ നടക്കാൻ അലീഷ്യയ്ക്ക് മടിയായിരുന്നു. എന്നാൽ ബ്രസീൽ അപകടാവസ്ഥയിലേക്ക് നീങ്ങുന്നത് കണ്ട് അലീഷ്യയും ടെർഷിയോയ്ക്കൊപ്പം നില്ക്കുകയായിരുന്നു. ഏതായാലും സ്പെഷ്യൽ സ്യൂട്ട് ഒക്കെ ധരിച്ച് പുറത്തിറങ്ങുന്ന ഇരുവരുടെയും ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാണ്.