തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷുമായി മന്ത്രി കെ.ടി ജലീൽ ഫോണിൽ സംസാരിച്ച വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺസുലേറ്റ് ജനറലിന്റെ നിർദേശപ്രകാരമാണ് മന്ത്രി സ്വപ്നയുമായി സംസാരിച്ചതെന്നും മണിക്കൂറുകളൊന്നും അവരുമായി സംസാരിച്ചില്ലെന്നുമാണ് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകിയത്.
ഇത് സാധാരണഗതിയിൽ ഉണ്ടായ ഒരു സംഭവമാണെന്നും ഇക്കാര്യത്തിൽ മന്ത്രി കെ.ടി ജലീൽ കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. വിഷയത്തിൽ മാദ്ധ്യമപ്രവർത്തകർക്ക് നേരെയും മുഖ്യമന്ത്രി പിണറായി വിജയൻ വിമർശന ശരമയച്ചു.
'ഒരായുധം കിട്ടിപ്പോയി, ഒരു മന്ത്രി സംസാരിച്ചിരിക്കുന്നു, ഇപ്പോൾ പിടിച്ചുകളയാം' എന്നത് ഒരു ശരിയായ സമീപനമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വപ്നയുമായി മന്ത്രി സംസാരിച്ച കാര്യം വന്നപ്പോൾ മാദ്ധ്യമപ്രവർത്തകർ അതിനു പിന്നാലെ കുതിച്ചുവെന്നും എന്നാൽ മന്ത്രി അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചപ്പോൾ വിവാദത്തിന് നിമിഷത്തെ ആയുസല്ലേ ഉണ്ടായിരുന്നുളളൂ എന്നും മുഖ്യമന്ത്രി മാദ്ധ്യമപ്രവർത്തകരോട് ആരാഞ്ഞു.
കോൺസുൽ ജനറലിന്റെ നിർദേശപ്രകാരമാണ് സ്വപ്നയുമായി സംസാരിച്ചതെന്നും, അസമയത്തല്ല വിളിച്ചതെന്നും മന്ത്രി കെ.ടി ജലീൽ നേരത്തെ പ്രതികരിച്ചിരുന്നു. സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.