റയൽ മാഡ്രിഡ് 2-1ന് ഗ്രനാഡയെ കീഴടക്കി
ഒരു കളി കൂടി ജയിച്ചാൽ റയലിന് ലാലിഗ കിരീടം
മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാൾ കിരീടം റയൽ മാഡ്രിഡിന്റെ കയ്യെത്തും ദൂരത്ത്. കഴിഞ്ഞ ദിവസം ഗ്രനാഡയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയ റയൽ ലീഗിൽ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ തോൽക്കാതിരുന്നാൽ മാത്രം മതി കിരീടത്തിൽ മുത്തമിടാൻ.അടുത്ത കളിയിൽ ജയിച്ചാൽ അവർക്ക് കിരീടം ഉറപ്പിക്കുകയുമാകാം.
ഗ്രനാഡയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ കളി തുടങ്ങി കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ രണ്ട് ഗോളുകൾ റയൽ സ്കോർ ചെയ്തിരുന്നു. ഫെർലാൻഡ് മെൻഡിയും കരിം ബെൻസേമയുമാണ് റയലിനായി സ്കോർ ചെയ്തത്. രണ്ടാം പകുതിയിൽ മച്ചിസിലൂടെ ഒരു ഗോൾ നേടി തിരിച്ചുവരാൻ ഗ്രനാഡ ശ്രമം നടത്തിയെങ്കിലും റയൽക്കരുത്തിന് മുന്നിൽ വിലപ്പോയില്ല.
ഇൗ വിജയത്തോടെ റയലിന് 36 മത്സരങ്ങളിൽ നിന്ന് 83 പോയിന്റായി. രണ്ടാം സ്ഥാനക്കാരായ ബാഴ്സലോണയേക്കാൾ നാലുപോയിന്റ് ലീഡ്. വിയ്യാറയൽ, ലെഗനേസ് എന്നിവരുമായാണ് റയലിന്റെ ഇനിയുള്ള മത്സരങ്ങൾ.ബാഴ്സയ്ക്ക് ഒസാസുന,ഡി പോർട്ടീവോ അലാവേസ് എന്നിവരുമായാണ് മത്സരങ്ങൾ.
ഗോളുകൾ ഇങ്ങനെ
1-0
10-ാം മിനിട്ട്
ഫെർലാൻഡ് മെൻഡി
കാസിമെറോയുടെ പാസിൽ നിന്ന് രണ്ട് ഡിഫൻഡർമാരെ പ്രയാസപ്പെട്ട് മറികടന്നാണ് മെൻഡി വലകുലുക്കിയത്. റയൽ മാഡ്രിഡിനായി മെൻഡി നേടുന്ന ആദ്യ ഗോളായിരുന്നു ഇത്.
2-0
16-ാം മിനിട്ട്
കരിം ബെൻസേമ
മദ്ധ്യനിരയിൽ നിന്ന് തട്ടിയെടുത്ത പന്തുമായി പ്രതിരോധം വെട്ടിച്ച് കയറിയ ലൂക്കാ മൊഡ്രിച്ച് മാർക്ക് ചെയ്യപ്പെടാതെ നിന്ന ബെൻസേമയ്ക്ക് നൽകിയ പാസിൽ നിന്ന് പിറന്ന ഗോൾ.
2-1
50-ാം മിനിട്ട്
മച്ചിസ്
കാസിമെറോയുടെ പ്രതിരോധപ്പിഴവിൽ നിന്ന് പന്ത് തട്ടിയെടുത്ത ഹെറേറയുടെ പാസാണ് മച്ചിസ് ഗോളാക്കിയത്.
കിരീടക്കളി
റയലിന് ബാഴ്സയെക്കാൾ നാല് പോയിന്റ് ലീഡാണ് ഇപ്പോൾ ഉള്ളത്. ഇരുവർക്കും ശേഷിക്കുന്നത് രണ്ട് മത്സരങ്ങൾ വീതവും.
ഇൗ മത്സരങ്ങളിൽ വിജയിച്ചില്ലെങ്കിൽ പോലും തോൽക്കാതിരുന്നാൽ റയലിന് കിരീടത്തിലെത്താം.
ബാഴ്സ രണ്ട് കളിയും ജയിക്കുകയും റയൽ രണ്ടും സമനിലയിലായാലും ഇരുവർക്കും 85 പോയിന്റ് വീതമാകും.
എങ്കിലും ഗോൾ ശരാശരിയേക്കാൾ ലാ ലിഗ ചാമ്പ്യന്മാരെ നിശ്ചയിക്കുന്നതിൽ പരിഗണിക്കുന്നത് നേർക്കുനേർ പോരാട്ടഫലമാണെന്നതിനാൽ കിരീടം റയലിന്റെ അലമാരയിലെത്തും.
റയലിന് അടുത്ത മത്സരത്തിൽ വിയ്യാറയലിനെ തോൽപ്പിക്കാനായാൽ പിന്നെ ലെഗനേസിനെതിരെ തോറ്റാലും കിരീടം ഉറപ്പ്.
19
ഇൗ സീസൺ ലാലിഗയിൽ റയലിനായി ബെൻസേമ നേടിയ ഗോളുകളുടെ എണ്ണം.
33
തവണ ലാ ലിഗ കിരീടം സ്വന്തമാക്കിയിട്ടുള്ള ക്ളബാണ് റയൽ മാഡ്രിഡ്.
പോയിന്റ് നില
(ടീം ,കളി, പോയന്റ്)
റയൽ മാഡ്രിഡ് 36- 83
ബാഴ്സലോണ 36-79
അത്‌ലറ്റിക്കോ 36-66
സെവിയ്യ 36- 66
വിയ്യാറയൽ 36-57