മാഞ്ചസ്റ്റർ യുണൈറ്റഡ് -2
സതാംപ്ടൺ - 2
ലണ്ടൻ : ചാമ്പ്യൻസ് ലീഗിൽ ഇടം പിടിക്കാമെന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോഹത്തിന് കനത്ത തിരിച്ചടിയേകി കഴിഞ്ഞ ദിവസം നടന്ന ഇംഗ‌്ളീഷ് പ്രിമിയർ ലീഗ് മത്സരത്തിൽ സമനിലക്കുരുക്ക്. യുണൈറ്റഡിന്റെ തട്ടകമായ ഒാൾഡ് ട്രഫോൾഡിൽ നടന്ന മത്സരത്തിൽ സതാംപ്ടണുമായി അവസാ നിമിഷമാണ് 2-2ന് സമനിലയിൽ പിരിഞ്ഞത്.ഇതോടെ പ്രിമിയർ ലീഗിലെ നാലാം സ്ഥാനത്തേക്കുയരാനുള്ള സുവർണാവസരവും മാഞ്ചസ്റ്റർ കളഞ്ഞുകുളിച്ചു.
12-ാം മിനിട്ടിൽ ആദ്യ ഗോൾ നേടിയിരുന്ന സതാംപ്ടണിനെതിരെ ആദ്യ പകുതിയിൽത്തന്നെ രണ്ട് ഗോളുകൾ മാഞ്ചസ്റ്റർ അടിച്ചിരുന്നു. ആംസ്ട്രോംഗിലൂടെയായിരുന്നു സതാംപ്ടണിന്റെ ആദ്യ ഗോൾ.20-ാം മിനിട്ടിൽ മാർക്കസ് റാഷ്ഫോഡും 23-ാം മിനിട്ടിൽ അന്തോണി മാർഷ്യലും നേടിയ ഗോളുകൾ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. എന്നാൽ ഫൈനൽ വിസിലിന് നിമിഷങ്ങൾ മാത്രം ശേഷിക്കേ ഒബാഫെമിയുടെ ഗോൾ മാഞ്ചസ്റ്ററിനെ കുരുക്കിക്കളഞ്ഞു.
ഇതോടെ 35 മത്സരങ്ങളിൽ നിന്ന് 59 പോയിന്റായ മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. നാലാം സ്ഥാനത്തുള്ള ലെസ്റ്റർ സിറ്റിക്കും 35 മത്സരങ്ങളിൽ നിന്ന് 59 പോയിന്റാണുളളത്. ലീഗിലെ ആദ്യ നാല് സ്ഥാനക്കാർക്കാണ് അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിലേക്ക് നേരിട്ട് പ്രവേശനം.