എറണാകുളം: ചെല്ലാനം ഗ്രാമപഞ്ചായത്തിലെ കൊവിഡ് രോഗവ്യാപനത്തിന്റെ കണക്കിൽ സംസ്ഥാന സർക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന ആരോപണവുമായി കോൺഗ്രസ് എം.പി ഹൈബി ഈഡൻ. എൺപതോളം രോഗികളാണ് ചെല്ലാനത്തുള്ളതെന്നും എന്നാൽ എന്നാൽ സർക്കാർ പറയുന്ന കണക്കുകളിൽ ഇവർ ഉൾപ്പെട്ടിട്ടില്ലെന്നും ഹൈബി ഈഡൻ ആരോപിക്കുന്നു.
'ടെസ്റ്റുകൾ കുറവാണു നടത്തുന്നത്. ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്ന് പലതവണ ആവശ്യപ്പെട്ടു. എന്നാൽ, ആരും ഇത് ചെയ്യുന്നില്ല. എണ്ണം കൂട്ടിയാൽ വലിയതോതിൽ രോഗികളുടെ എണ്ണം കൂടുമെന്നാണ് വിദഗ്ദർ പറയുന്നത്.
ഉദ്യോഗസ്ഥർ കണക്കുകൾ മറച്ചു വെച്ചിട്ടുണ്ടെങ്കിൽ നടപടി എടുക്കണം. 34 പേർക്ക് ചെല്ലാനം പ്രദേശത്ത് കോവിഡ് പിടിപെട്ടെന്നാണ് ഔദ്യോഗിക വിവരം. എന്നാൽ 80 പേർക്ക് രോഗം പകർന്നതായി തെളിവുകൾ ഉണ്ട്.' എം.പി പറയുന്നു.
64 പേര് അങ്കമാലിയിലെ കൊവിഡ് സെന്ററിൽ നിലവിൽ ചികിത്സയിൽ കഴിയുകയാണെന്നും രോഗികളുടെ യഥാർത്ഥ എണ്ണം സർക്കാർ എന്തിനാണ് മറച്ചു വയ്ക്കുന്നതെന്നും ഹൈബി ഈഡൻ ചോദിക്കുന്നു. നിലവിലെ സാഹചര്യത്തിൽ പൂന്തുറയിലെ പോലെ ലബോറട്ടറി സംവിധാനം ഇവിടെ വേണമെന്ന ആവശ്യം ഉയരുന്നുണ്ടെന്നും കൂടുതൽ പി.സി.ആർ ടെസ്റ്റുകളും ആന്റിജൻ ബോഡി ടെസ്റ്റുകളും പ്രദേശത്തു വേണ്ടതാണെന്നും എം.പി ചൂണ്ടിക്കാണിച്ചു.
ചെല്ലാനത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രി അടിയന്തിര ഇടപെടൽ നടത്തണമെന്ന ആവശ്യവും ശക്തമാണ്. നിലവിലെ കൊവിഡ് വ്യാപനം കണക്കാക്കുമ്പോൾ എറണാകുളത്തെ രോഗികൾ വളരെ കൂടുതലാണെന്നും എന്നാൽ അതിന് തക്കവണ്ണമുള്ള ഒരുക്കങ്ങൾ ജില്ലയിൽ ഇല്ലെന്നും എം.പി ചൂണ്ടിക്കാണിക്കുന്നു. സർക്കാർ ജനങ്ങളിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്. പൂന്തുറയേക്കാൾ ഗുരുതരസ്ഥിതിയാണ് ചെല്ലാനത്തുള്ളത്. ഹൈബി പറഞ്ഞു.