തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. ചോദ്യം ചെയ്യൽ ഇപ്പോൾ ഏഴാം മണിക്കൂറിലേക്കാണ് നീളുന്നത്. വൈകിട്ട് അഞ്ച് മണി മുതലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ചോദ്യം ചെയ്യലിന് ശിവശങ്കർ ഹാജരാകണമെന്ന് കാണിച്ചുകൊണ്ട് കസ്റ്റംസ് ഇദ്ദേഹത്തിന്റെ നേരിട്ട് വീട്ടിൽ നേരിട്ടെത്തിയാണ് നോട്ടീസ് നൽകിയത്.
എയര്‍ കാര്‍ഗോ കമ്മിഷണര്‍ രാമമൂര്‍ത്തിയാണ് ശിവശങ്കറിന് നോട്ടീസ് കൈമാറിയത്. അതേസമയം, സരിത്ത് കുമാറിന്റെയും സ്വപ്ന സുരേഷിന്റെയും ഫോണ്‍വിളികൾ സംബന്ധിച്ച രേഖകൾ പുറത്തു വന്നിരുന്നു. സ്വപ്നയെ സരിത്തുമായും ശിവശങ്കര്‍ ബന്ധപ്പെട്ടിരുന്നെന്ന് ഈ രേഖകളിൽ നിന്നും വ്യക്തമാണ്.
അതെസമയം ശിവശങ്കറിനെ പദവിയിൽ നിന്നും സസ്‌പെൻഡ് ചെയ്യാനുള്ള സാഹചര്യം ആയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്തെ വാർത്താ സമ്മേളനത്തിലൂടെ പറഞ്ഞത്. ഇപ്പോഴത്തെ ചോദ്യം ചെയ്യലില്‍ നിന്ന്, ശിവശങ്കറിന്റെ ഭാഗത്തു നിന്നും എന്തെങ്കിലും വീഴ്ചകള്‍ വ്യക്തമായാല്‍ അതിനനുസരിച്ചുള്ള നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.