rape-victime

തലശ്ശേരി: പാനൂർ പാലത്തായിയിൽ ബി.ജെ.പി നേതാവായ അദ്ധ്യാപകൻ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചുവെന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് 90 ദിവസം പൂർത്തിയാകാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ,ഭാഗികമായ കുറ്റപത്രം ഇന്നലെ ഉച്ചയോടെ തലശ്ശേരി പോക്‌സോ കോടതിയിൽ സമർപ്പിച്ചത്.

കുനിയിൽ പത്മരാജനാണ് കേസിലെ പ്രതി. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 82ാം വകുപ്പ് ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ശാസ്ത്രീയ തെളിവില്ലാത്തതിനാൽ പോക്‌സോ വകുപ്പുകൾ ചുമത്തിയിട്ടില്ല. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മധുസൂദനൻ ആണ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ എട്ടിന് ഇയാളുടെ ജാമ്യഹരജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു മുൻപ് തലശ്ശേരി ജില്ലാസെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും അതും തള്ളുകയായിരുന്നു. കുറ്റപത്രം സമർപ്പിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രതിയായ പത്മരാജൻ പെൺകുട്ടിയെ സ്‌കൂളിലെ ശുചിമുറിയിൽ വച്ച് ആദ്യം പീഡിപ്പിച്ചുവെന്നാണ് പരാതി.