driver

ദുബായ്: ടാക്‌സി ഡ്രൈവര്‍മാരുടെ ഓണ്‍റോഡ് പെരുമാറ്റം നിരീക്ഷിക്കാന്‍ വേണ്ടി പുതിയ സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കാന്‍ ഒരുങ്ങി ദുബായ്. ആർട്ടിഫിഷ്യൽ ഇന്റലിജന്‍സാണ് ആണ് ദുബായ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ സാങ്കേതിക വിദ്യ. ടാക്‌സി ഡ്രൈവര്‍മാരുടെ പിഴവുകള്‍ കണ്ടെത്താന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ഒരു സാങ്കേതികവിദ്യ നടപ്പാക്കാന്‍ ദുബായിലെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചത്. ഓണ്‍റോഡ് നിയമങ്ങള്‍ പാലിച്ച് തന്നെയാണോ ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ ഓടിക്കുന്നത് എന്ന് കണ്ടെത്താനും ഇത് സഹായിക്കും.

ദുബായ് ടാക്‌സികളില്‍ സ്ഥാപിച്ചിട്ടുള്ള സ്മാര്‍ട്ട് ക്യാമറകളുടെ ഡവലപ്പര്‍ അകാകസ് ടെക്‌നോളജീസുമായി സഹകരിച്ച് ടാക്‌സി ഡ്രൈവര്‍മാരുടെ പെരുമാറ്റം നിരീക്ഷിക്കാന്‍ ആണ് ആര്‍.ടി.എ ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ് സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്. ഡ്രൈവര്‍മാര്‍ നിയമം ലംഘിക്കുന്നുണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കാണ് ഭരണകൂടം പ്രാധാന്യം നല്‍ക്കുന്നതെന്ന് ആര്‍.ടി.എയുടെ പൊതുഗതാഗത ഏജന്‍സിയിലെ ഗതാഗത സംവിധാനങ്ങളുടെ ഡയറക്ടര്‍ പറഞ്ഞു.റോഡിലെ ഡ്രൈവറുടെ പ്രകടനം തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും. ബ്രേക്കുകളുടെ അനാവശ്യ ഉപയോഗം നിരീക്ഷിക്കാന്‍ സാധിക്കും. ആവര്‍ത്തിച്ചുള്ള നിയ ലംഘനങ്ങള്‍ ഉണ്ടായാല്‍ ഡ്രൈവര്‍മാര്‍ക്ക് അലേര്‍ട്ടുകള്‍ അയക്കാന്‍ സാധിക്കും.ഡ്രൈവര്‍മാരെ ലക്ഷ്യബോധമുള്ളവരാക്കാന്‍ ഇതിലൂടെ സാധിക്കും എന്നാണ് വിശ്വാസം. അടിയന്ത സാഹചര്യങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ പുതിയ സാങ്കേതിക വിദ്യയിലൂടെ സാധിക്കും.

ദുബായിലെയും യു.എ.ഇയിലും ജോലി ചെയ്യുന്നവര്‍ക്ക് സുരക്ഷിതവും സുഗമവുമായ ഗതാഗതം ഒരുക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. കൊവിഡ് 19 നേരിടുന്നതിനുള്ള മുന്‍കരുതല്‍ നടപടികളായി ഡ്രൈവര്‍മാരുടെ പെരുമാറ്റം നിരീക്ഷിക്കുന്നതിനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കും. ശാരീരിക അകലം, മുഖംമൂടി ധരിക്കുക തുടങ്ങിയവ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ സാധിക്കും.