ചെങ്ങന്നൂർ: സൗദി അറേബ്യയിൽ നിന്ന് നാട്ടിലെത്തി ചികിത്സയിൽ കഴിഞ്ഞയാൾ കൊവിഡ് ബാധിച്ചു മരിച്ചു. ചെറിയനാട് കൊല്ലകടവ് കിളിയാം തുണ്ടത്തിൽ വീട്ടിൽ പരേതനായ ഉസ്മാൻ കുട്ടിയുടെ മകൻ നസീർ (47) ആണ് മരിച്ചത്. സൗദി അറേബ്യയിൽ നിന്ന് ജൂലായ് രണ്ടിന് നാട്ടിലെത്തിയതാണ്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്രവ പരിശോധനാ ഫലം നെഗറ്റിവായതിനെത്തുടർന്ന് ചുനക്കരയിലെ വീട്ടിലെത്തി ഹോം ക്വാറന്റൈനീൽ കഴിയുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് ശ്വാസംമുട്ടൽ അനുഭവപ്പെട്ട തിനെതുടർന്ന് വിവരം ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചു. ആംബുലൻസ് വരുത്തി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെത്തി, വാഹനത്തിൽ നിന്നിറങ്ങി ആശുപത്രിയിലേക്കു നടക്കുമ്പോൾ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. തുടർന്ന് തിങ്കളാഴ്ച നടത്തിയ സ്രവപരിശോധനാ ഫലം കൊവിഡ് പോസിറ്റീവായിരുന്നു. അർബുദ രോഗബാധിതനായിരുന്നു. ഭാര്യ നസീമ. മക്കൾ.നൗഫൽ, നൗജസ്. ഖബറടക്കം കൊല്ലകടവ് മുസ്ലീം ജമാ അത്തിൽ നടത്തി.