ജയ്പൂർ: രാജസ്ഥാനിൽ രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ കോൺഗ്രസിനെതിരെ തുടർ നടപടികളുമായി സച്ചിൻ പെെലറ്റ്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നും രാജസ്ഥാൻ ഉപമുഖ്യമന്ത്രി ,സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ എന്നീ പദവികൾ സച്ചിൻ പെെലറ്റ് ഒഴിവാക്കി. ബയോഗ്രഫിയിൽ നിന്നും പദവികൾ ഒഴിവാക്കിയതോടെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയത്. സച്ചിൻ പെെലറ്റ് തന്റെ ട്വിറ്റർ ബയോഗ്രഫിയിൽ ഇപ്പോൾ നൽകിയിരിക്കുന്നത് ടോങ്കിൽ നിന്നുള്ള എംഎൽഎ, മുൻ ഐ.ടി, ടെലികോം വകുപ്പ് മന്ത്രി എന്നാണ്. എന്നാൽ അദ്ദേഹം മുമ്പ് ട്വിറ്ററിൽ നൽകിയിരുന്നത് രാജസ്ഥാൻ ഉപമുഖ്യമന്ത്രിയെന്നും സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷനെന്നുമായിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനവും കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനവും ഒഴിഞ്ഞതിന് പിന്നാലെയാണ് സച്ചിൻ പെെലറ്റിന്റെ നടപടി.
അതേസമയം സച്ചിൻ പൈലറ്റിന്റെ നെയിംപ്ലേറ്റ് കോൺഗ്രസ് ഓഫീസിൽ നിന്ന് നീക്കം ചെയ്യുകയും പകരം ഗോവിന്ദ് സിംഗ് ദോത്രാസയെ രാജസ്ഥാനിലെ പുതിയ പാർട്ടി അദ്ധ്യക്ഷനായി കോൺഗ്രസ് നിയമിക്കുകയും ചെയ്തു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ പരസ്യമായി രംഗത്ത് വരികയും രണ്ടു യോഗങ്ങളിൽ നിന്നും വിട്ടു നിന്നതിനും പിന്നാലെയാണ് സച്ചിന് പെെലറ്റിനെ കോൺഗ്രസ് പുറത്താക്കിയത്. സച്ചിന് പെെലറ്റ് തന്റെ അനുയായികളോടൊപ്പം ഇപ്പോൾ ഡൽഹിയിലാണുളളത്.
സച്ചിൻ പെെലറ്റിന് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് നേരത്തെ തന്നെ കോൺഗ്രസിലെ നേതാക്കൾ ആരോപിച്ചിരുന്നു. കോൺഗ്രസ് വിട്ടതിന് പിന്നാലെ സച്ചിൻ പെെലറ്റ് ബി.ജെ.പിയുമായി ചേർന്ന് അശോക് ഗെലോട്ട് സർക്കാരിനെ താഴെയിറക്കാനായി ചർച്ചകൾ നടത്തിയിരുന്നു. തന്റെ ഭാഗത്ത് 30 എം.എൽ.എമാരുണ്ടന്നും സച്ചിൻ പെെലറ്റ് അവകാശവാദം ഉന്നയിച്ചിരുന്നു. 200 അംഗങ്ങളുളള രാജസ്ഥാൻ നിയമസഭയിൽ മന്ത്രിസഭ നിലനിറുത്തുവാനായി 101 എം.എ.എമാരാണ് കോൺഗ്രസിന് വേണ്ടത്.