pic

മുംബയ്: രാജ്യത്ത് ഏറ്റവും അധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുളള സംസ്ഥാനമാണ് മഹാരാഷ്‌ട്ര.ഇവിടെ നിരവധി ആളുകൾക്കാണ് ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നത്. എന്നാൽ കൊവിഡ് ഭീതിക്കിടയിലും അൽപ്പം ആശ്വസവും കൗതുകവും പകരുന്ന ഒരു വാർത്തയാണ് മുംബയിലെ ബാലസാഹേബ് ആശുപത്രിയിൽ നിന്നും വരുന്നത്. നൂറ് വയസ് പ്രായമുളള ഒരു കൊവിഡ് രോഗിക്ക് രോഗം ഭേദമായിയെന്നതാണ് ആശ്വാസ വാർത്ത. അതോടൊപ്പം അദ്ദേഹത്തിന്റെ നൂറാം പിറന്നാൾ അധികൃതർ ചേർന്ന് ആശുപത്രിയിൽ വച്ചുതന്നെ അഘോഷിക്കുകയും ചെയ്തു. അർജുൻ ഗോവിന്ദ് നരിംഗ്രേക്കർ എന്ന ആളാണ് രോഗം ഭേദമായി നൂറാം പിറന്നാൾ ആഘോഷിച്ച ശേഷം ആശുപത്രി വിട്ടത്. ആശുപത്രിയിൽ വച്ചു ചോക്ലേറ്റ് കേക്ക് മുറിച്ചാണ് നരിംഗ്രേക്കർ പിറന്നാൾ ആഘോഷിച്ചത്.

നരിംഗ്രേക്കർ വിരമിച്ച സ്കൂൾ അദ്ധ്യാപകനാണ്. ജൂലായ് ഒന്നിനാണ് നരിംഗ്രേക്കറിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നരിംഗ്രേക്കറിന്റെ ജന്മദിനം അടുത്തുവെന്ന് ബന്ധുക്കളിൽ നിന്നും മനസിലാക്കിയ ആശുപത്രി അധികൃതർ തന്നെയാണ് പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്.അതേസമയം മഹാരാഷ്‌ട്രയിൽ 24 മണിക്കൂറിനുളളിൽ 6741 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,67,665 ആയി.