shivashankar

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കേസിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്‌തേക്കുമെന്ന് അഭ്യൂഹം. ഇദ്ദേഹത്തെ കൊച്ചിയിലേക്ക് കൊണ്ടുപോയ ശേഷമാണ് അറസ്റ്റ് ഉണ്ടാകുക എന്നും പറയപ്പെടുന്നു. ശേഷം കോടതിയിൽ ഹാജരാക്കുമെന്നും പറയപ്പെടുന്നു.

ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിൽ ആരംഭിച്ച ചോദ്യം ചെയ്യൽ ഈ ഒൻപതാം മണിക്കൂറിലും തുടരുകയാണ്. ശിവശങ്കറിനെതിരെ നിർണായക തെളിവുകൾ ലഭിച്ചതായാണ് വിവരം. ഫോൺ രേഖകളും സി.സി.ടി.വി ദൃശ്യങ്ങളുമാണ് ശിവശങ്കറിനെതിരെയുള്ള പ്രധാന തെളിവുകളാകുക.

കേസിൽ ശിവശങ്കർ നിരപരാധിയാണെങ്കിൽ ഇദ്ദേഹത്തെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കാനായിരുന്നു തീരുമാനം. എന്നാൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദിച്ച ചോദ്യങ്ങൾക്ക് ശിവശങ്കർ പരസ്പരവിരുദ്ധമായ ഉത്തരങ്ങളാണ് നൽകിയതെന്നാണ് പുറത്തുവരുന്ന വിവരം. ചോദ്യം ചെയ്യുന്നത് വൈകുന്നത് ഇത് കാരണമാണെന്നാണ് കരുതപ്പെടുന്നത്.

ശിവശങ്കർ നൽകിയ ഉത്തരങ്ങളിൽ കാര്യമായ പൊരുത്തക്കേടുകളും ഉണ്ടായിരുന്നു. അതിനാലാണ് അറസ്റ്റിലേക്ക് നീങ്ങാനുള്ള തീരുമാനം വരുന്നത്. മതിയായ തെളിവുകളുണ്ടെങ്കിൽ, സസ്‌പെൻഡ് ചെയ്യാത്തതിനാൽ ഇപ്പോഴും സർവീസിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാൻ എൻ.ഐ.എയ്ക്കും കസ്റ്റംസിനും അധികാരമുണ്ട്.