തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസില്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ പുലര്‍ച്ചെ രണ്ട് മണിവരെ തുടര്‍ന്നു. ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ് വാഹനത്തിലാണ് ശിവശങ്കറിനെ വസതിയിലെത്തിച്ചത്. നിര്‍ണായക തെളിവുകളായ ഫോണ്‍ രേഖകളും സി.സി.ടി.വി ദൃശ്യങ്ങളുമായാണ് ശിവശങ്കറിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ശിവശങ്കര്‍ പരസ്പരവിരുദ്ധമായ ഉത്തരങ്ങളാണ് നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരം. ചോദ്യം ചെയ്യുന്നത് വൈകിയത് ഇത് കാരണമാണെന്നാണ് കരുതപ്പെടുന്നത്.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഒരു വേള ശിവശങ്കറിനെ അറസ്റ്റ് ചെയ്യുമെന്നും, അതിനായി കൊച്ചിയിലേക്ക് കൊണ്ടു പോകുമെന്നും അഭ്യൂഹമുണ്ടായിരുന്നു. അത്തരമൊരു തീരുമാനമുണ്ടായിരുന്നുവെങ്കില്‍ അത് സര്‍ക്കാരിന് ഏല്‍പ്പിക്കുന്ന കനത്ത ആഘാതമായി മാറുമായിരുന്നു. അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കുന്ന ആശ്വാസം ചെറുതല്ല. വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന് ശേഷം മാത്രമേ ശിവശങ്കറിനെ സസ്‌പെന്റ് ചെയ്യുവെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.