pic

മുംബയ്:രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയുന്ന മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം 6,741 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,665 ആയി ഉയർന്നു. 213 പേരാണ് ചൊവ്വാഴ്ച കൊവിഡ് ബാധിച്ച് മരിച്ചത്.ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങൾ 10,695 ആയി. 4500 പേരാണ് രോഗം ഭേദമായി കഴിഞ്ഞ ദിവസം ആശുപത്രിവിട്ടത്. ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1,49,007 ആയി. 1,07,665 ആക്ടീവ് കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ നിലവിലുളളത്.

മുംബയിൽ മാത്രമായി 969 പേർക്ക് ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിക്കുകയും 70 പേർ മരണപ്പെടുകയും ചെയ്തു.ഇതോടെ മുംബയിൽ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 94,863 ആയി. മുംബയിൽ മാത്രമായി 5402 പേരാണ് ഇതുവരെ മരിച്ചത്. അതസമയം 1011 പേർ ചൊവ്വാഴ്ച രോഗമുക്തി നേടി ആശുപത്രിവിട്ടു.66,633 പേരാണ് മുംബയിൽ ഇതുവരെ രോഗമുക്തി നേടിയത്.

തമിഴ്നാട്ടിൽ ചൊവ്വാഴ്ച 4526 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 67 പേർ മരണപ്പെടുകയും ചെയ്തു.ഇതോടെ തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,47,324 ആയി. ആകെ മരിച്ചവരുടെ എണ്ണം 2099 ആയി.തമിഴ്നാട്ടിൽ 97,310 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചവരിൽ ഏഴുപേർ കേരളത്തിൽനിന്നും എത്തിയവരാണ്. വിദേശത്തുനിന്ന് അന്താരാഷ്ട്ര വിമാനങ്ങളിൽ എത്തിയ 19 പേർക്കും മറ്റുസംസ്ഥാനങ്ങളിൽനിന്ന് ആഭ്യന്തര വിമാനങ്ങളിൽ എത്തിയ ആറുപേർക്കും റോഡുമാർഗം എത്തിയ 34 പേർക്കുമാണ് കഴി‌‌ഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.

കർണാടകയിൽ ചൊവ്വാഴ്ച 2496 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 87 പേർ മരിക്കുകയും ചെയ്തു. നിലവിൽ 25,839 ആക്ടീവ് കേസുകളാണ് കർണാടകയിലുളളത്. ആകെ മരണം 842 ആയി.സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തത് ബംഗളൂരുവിലാണ്.1267 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.