ജയ‌്‌പൂർ: രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയ സച്ചിൻ പൈലറ്റിനെതിരെ കൂടുതൽ നടപടിയുമായി കോൺഗ്രസ്. സച്ചിനെ അയോഗ്യനാക്കാൻ കോൺഗ്രസ് സ്‌പീക്കർക്ക് കത്ത് നൽകും. രാഷ്ട്രീയ പ്രതിസന്ധിക്കിടെ സച്ചിൻ ഇന്ന് തന്റെ ഭാവി തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. അദ്ദേഹം പുതിയ പാർട്ടി പ്രഖ്യാപിക്കുമോ അതോ ബി.ജെ.പിയിലേക്ക് പോകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
സച്ചിനെ മുഖ്യമന്ത്രിയാക്കി അശോക് ഗലോട്ട് നേതൃത്വം നൽകുന്ന സർക്കാരിനെ വീഴ്‌ത്താനാവുമോ എന്ന കാര്യം ബി.ജെ.പി യോഗം ഇന്ന് ചർച്ച ചെയ്യും. അതേസമയം സർക്കാരിന് ഒരു ഭീഷണിയുമില്ലെന്നാണ് കോൺഗ്രസ് അവകാശവാദം. അശോക് ഗലോട്ടിനെ പിന്തുണയ്ക്കുന്ന 104 എം.എൽ.എമാർ ജയ്‌പൂരിലെ റിസോർട്ടിൽ ഇപ്പോഴും തുടരുകയാണ്. എന്നാൽ ഭരണപക്ഷത്തെ നാലോ അഞ്ചോ പേർ കൂടി കാലുമാറിയാൽ സർക്കാർ വീഴും. അശോക് ഗലോട്ടിനെ മാറ്റണമെന്ന നിലപാടിൽ ഉറച്ചു നിന്ന സച്ചിൻ പൈലറ്റ് നിയമസഭാകക്ഷി യോഗവും ബഹിഷ്ക്കരിച്ചതോടെയാണ് കടുത്ത നടപടിക്ക് കോൺഗ്രസ് തീരുമാനം എടുത്തത്.
സച്ചിൻ പൈലറ്റിന് പകരം സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷനായി ഗോവിന്ദ് സിംഗ് ദൊതാസ്ത്രയെ നിയമിച്ചു. സച്ചിൻ പൈലറ്റിനൊപ്പം പോയ രണ്ടു മന്ത്രിമാരെ പുറത്താക്കി. യൂത്ത് കോൺഗ്രസ്, സേവാദൾ അദ്ധ്യക്ഷൻമാരെയും മാറ്റി. സോണിയയും രാഹുലും പ്രീയങ്കയും നിരന്തരം ആവശ്യപ്പെട്ടിട്ടും അയയാത്ത സച്ചിനെതിരെ കടുത്ത തീരുമാനമെടുക്കാൻ കോൺഗ്രസ് നിർബന്ധിതരാവുകയായിരുന്നു.