തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുന്‍ ഐ ടി സെക്രട്ടറി എം ശിവശങ്കറിനെ മണിക്കൂറുകളോളമാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കസ്റ്റംസ് ആസ്ഥാനത്ത് എത്തിച്ച ശിവശങ്കറിനെ 9 മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയമാക്കി. ശിവശങ്കറിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന സൂചനകളാണ് പുറത്തു വരുന്നത്.
നിര്‍ണായക തെളിവുകളായ ഫോണ്‍ രേഖകളും സി.സി.ടി.വി ദൃശ്യങ്ങളുമായാണ് ശിവശങ്കറിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ശിവശങ്കര്‍ പരസ്പരവിരുദ്ധമായ ഉത്തരങ്ങളാണ് നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരം. ചോദ്യം ചെയ്യുന്നത് വൈകിയത് ഇത് കാരണമാണെന്നാണ് കരുതപ്പെടുന്നത്.
മൊഴികള്‍ വിലയിരുത്തിയ ശേഷം തുടര്‍ നടപടികളെടുക്കും. ബുധനാഴ്ച പുലര്‍ച്ചെയോടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ സ്വകാര്യ വാഹനത്തിലാണ് ശിവശങ്കറിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചത്. രാത്രി തനിയെ വിടുന്നതിലെ ആശങ്കകള്‍ പരിഗണിച്ചായിരുന്നു ഇത്. അടുത്ത ദിവസങ്ങളിലും ചോദ്യം ചെയ്യല്‍ തുടര്‍ന്നേക്കുമെന്നാണ് സൂചന. ശിവശങ്കറും സ്വര്‍ണ കടത്ത് കേസിലെ പ്രതികളും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നിരുന്നു. ശിവശങ്കറിന്റെ ഫോൺ രേഖകളും കസ്റ്റംസ് പരിശോധിച്ചേക്കും.