sivasankar-swapna

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം.ശിവശങ്കറിന്റെ ആറുമാസത്തെ ഫോൺ രേഖകൾ ശേഖരിക്കാൻ ചീഫ് സെക്രട്ടറിതല സമിതി അപേക്ഷ നൽകി. ടെലികോം കമ്പനികളോടാണ് സമിതി വിവരങ്ങൾ ആവശ്യപ്പെട്ടത്. സ്വർണക്കടത്ത് കേസ് പ്രതികളായ സ്വ‌പ്ന ഉൾപ്പെടെയുള്ളവരോട് സൗഹൃദത്തിനപ്പുറത്ത് ശിവശങ്കറിന് ബന്ധങ്ങളുണ്ടെന്ന് സംശയിക്കുന്ന ഫോൺ രേഖകൾ പുറത്തുവന്നതോടെയാണ് ശിവശങ്കറിന്റെ ഫോൺ രേഖകൾ പരിശോധിക്കാൻ സമിതി തീരുമാനമെടുത്തത്.

എം ശിവശങ്കറിന്റെ ഫോൺ വിളികളും സ്വപ്ന സുരേഷിന്റെ സ്പേസ് പാർക്കിലെ നിയമനവുമാണ് ഉന്നതതല സമിതി പ്രധാനമായും അന്വേഷിക്കുക. അതേസമയം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. വൈകിട്ട് അഞ്ചരയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ നേരം പുലരുന്നത് വരെ നീളുകയായിരുന്നു. കസ്റ്റംസ് ഉദ്യോ​ഗസ്ഥ‍ർ വീട്ടിലെത്തിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിനായി ശിവശങ്ക‍‍ർ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപത്തെ കസ്റ്റംസ് ഓഫീസിൽ എത്തിയത്. ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ കസ്റ്റംസ് സംഘം തന്നെ വീട്ടിലേക്കെത്തിക്കുകയായിരുന്നു.