faisal-fareed

കൊച്ചി: സ്വർണക്കടത്ത് കേസിൽ അന്വേഷണം ശരിയായ ദിശയിൽ പുരോഗമിക്കുമ്പോഴും മൂന്നാം പ്രതി ഫൈസൽ ഫരീദിനെ കേരളത്തിലേക്ക് എത്തിക്കാൻ സാധിക്കാത്തത് അന്വേഷണ സംഘത്തിന് തലവേദനയാകുന്നു. ഇതുവരെ കേസുമായി സഹകരിക്കാൻ ഫൈസൽ ഫരീദ് തയ്യാറായിട്ടില്ല. ഫൈസൽ ഇപ്പോഴും ദുബായിൽ തന്നെയാണ് കഴിയുന്നത്.

എൻ.ഐ.എ അറസ്റ്റ് വാറണ്ടിന് തിങ്കളാഴ്ച അനുമതി തേടിയത് മുതൽ ഫൈസൽ അന്വേഷണ സംഘത്തിന്റേതടക്കമുള്ള ഫോൺകോളുകൾ ഒഴിവാക്കുകയാണ്. ഫൈസലിനെ നാട്ടിലെത്തിക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് അന്വേഷണസംഘം നടത്തുന്നത്. ഞായറാഴ്ച രാത്രി വരെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ നേരിട്ടെത്തി നിരപരാധിയാണെന്ന് ആവർത്തിച്ച ഫൈസൽ ഫരീദ് തിങ്കളാഴ്ച മുതൽ ഫോൺ സ്വിച്ച് ഓഫ് ചെയ്‌തിരിക്കുകയാണ്.

അന്വേഷണ സംഘം നേരിട്ടും സുഹൃത്തുക്കൾ വഴിയും ഫൈസലിനെ ബന്ധപ്പെടാൻ ശ്രമിക്കുന്നതായാണ് വിവരം. സുഹൃത്തിനെ ഫോണിൽ വിളിച്ചാണ് ഞായറാഴ്ച കസ്റ്റംസ് മൊഴി രേഖപ്പെടുത്തിയത്. ഇപ്പോൾ അതേ സുഹൃത്തുക്കളിൽ നിന്ന് ഫൈസൽ മാറിനിൽക്കുന്നുവെന്നാണ് വിവരം. ഫൈസൽ കൂടെയില്ലെന്ന വിവരമാണ് അന്വേഷണസംഘത്തോട് സുഹൃത്തുക്കളും അറിയിക്കുന്നത്. റാഷിദിയയിലെ വില്ലയിലും തിങ്കളാഴ്ച മുതൽ ഫൈസൽ എത്തിയിട്ടില്ല.

ഇന്ത്യയും യു.എ.ഇയും തമ്മിൽ കുറ്റവാളികളെ കൈമാറുന്നതിന് കരാറുള്ളതിനാൽ ഫൈസലിനെ കൈമാറുന്നതിന് തടസങ്ങളില്ലെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. യു.എ.ഇയുടെ ലോഗോ, സീൽ എന്നിവ വ്യാജമായി നിർമിച്ചുവെന്ന് എൻ.ഐ.എ കോടതിയെ അറിയിച്ച സാഹചര്യത്തിൽ ദുബായ് പൊലീസ് ഫൈസലിനെ ചോദ്യം ചെയ്യാനും സാദ്ധ്യതയുണ്ട്.