ന്യൂഡൽഹി: കോൺഗ്രസിന് എന്താ പറ്റിയത് ? ജനകീയ അടിത്തറയുളള യുവ നേതാക്കൾ പാർട്ടിയെ വിട്ടൊഴിയുന്നു. പക്ഷേ, പാർട്ടി നേതൃത്വത്തിന് ഒരു കുലുക്കവുമില്ല. മദ്ധ്യപ്രദേശിൽ പടുകുഴിയിലായ കോൺഗ്രസിന് ജീവശ്വാസം നൽകി ഉയർത്തെഴുന്നേൽപ്പിച്ച ജ്യോതിരാദിത്യ സിന്ധ്യയാണ് ആദ്യം പാർട്ടിയോട് ഗുഡ്ബൈ പറഞ്ഞ് ബി ജെ പി പാളയത്തിലെത്തിയത്. തൊട്ടുപിന്നാലെ സച്ചിൻ പൈലറ്റും ഗുഡ്ബൈ പറയുന്ന ഘട്ടത്തിലാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാൻ കൈപ്പിടിയിലൊതുക്കാൻ കോൺഗ്രസിനെ സഹായിച്ചത് സച്ചിൻ പൈലറ്റാണെന്ന് നിസംശയം പറയാം. വളരെപ്പെട്ടെന്ന് സംസ്ഥാനത്തെ യുവനേതാവായി വളരാൻ സച്ചിനെ സഹായിച്ചത് കോൺഗ്രസിന്റെ പഴയ പടക്കുതിര രാജേഷ് പൈലറ്റിന്റെ മകനാണെന്ന ബോണസ് മാർക്ക് മാത്രമായിരുന്നില്ല. പ്രവർത്തനമികവും ബുദ്ധിയും തന്നെയായിരുന്നു. സച്ചിനിലെ നേതാവിനെ തിരിച്ചറിഞ്ഞത് രാഹുൽ ഗാന്ധിയായിരുന്നു. ജനങ്ങൾ ഈ യുവ നേതാവിൽ അർപ്പിച്ച വിശ്വാസം വോട്ടായി വീഴുകയും ചെയ്തു. തങ്ങളുടെ ഭാവി മുഖ്യമന്ത്രിയെയാണ് ജനങ്ങൾ സച്ചിനിൽ കണ്ടത്.
രാഹുൽ ഗാന്ധിക്കും സച്ചിനിൽ ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു. അതുകൊണ്ടാണ് അശോക് ഗെലാേട്ടിനെപ്പോലുളള തലമുതിർന്ന നേതാക്കൾ ഉണ്ടായിരുന്നിട്ടും സച്ചിനെ പാർട്ടിയുടെ ചുമതല ഏൽപ്പിച്ചത്. ഈ വിശ്വാസം ശരിയാണെന്ന് സച്ചിൻ തെളിയിക്കുകയും ചെയ്തു. വൃദ്ധനേതാക്കളല്ലാതെ പാർട്ടിയിൽ രണ്ടാംനിര നേതാക്കൾ ഇല്ലെന്ന തിരിച്ചറിവാണ് സച്ചിനെയും ജ്യോതിരാദിത്യ സിന്ധ്യയെയുമൊക്കെ വളർത്തിക്കൊണ്ടുവരാൻ രാഹുലിനെ പ്രേരിപ്പിച്ചത്. ഇരുവരെയും മുഖ്യമന്ത്രിമാരാക്കി രാജസ്ഥാനും മദ്ധ്യപ്രദേശും കോൺഗ്രസിന്റെ ശക്തിദുർഗങ്ങളാക്കി വളർത്താമെന്നും രാഹുൽ കണക്കുകൂട്ടി.
പക്ഷേ, മുതിർന്ന നേതാക്കളുടെ അധികാര ലഹരി യുവ നേതാക്കളുടെ സ്ഥാനങ്ങൾ തട്ടിത്തെറിപ്പിച്ചു. അങ്ങനെ തുടങ്ങിയ മുറുമുറുപ്പാണ് പൊട്ടിത്തെറിയിലേക്ക് എത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു പി എയുടെ താേൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചതോടെയാണ് യുവ നേതാക്കൾക്ക് ശനിദശ തുടങ്ങിയത്. ആരുപോകുന്നെങ്കിലും പോകട്ടെ തങ്ങൾക്ക് അധികാരം മതിയെന്ന നിലപാടാണ് കോൺഗ്രസിലെ വൃദ്ധനേതാക്കളിൽ പലർക്കുമെന്നും ഈ പോക്ക് പാർട്ടിയെ കുഴിച്ചുമൂടുമെന്ന് പലരും മുന്നറിയിപ്പ് നൽകിയിട്ടും ആരും മൈൻഡുചെയ്യുന്നില്ല. കപിൽസിബലിനെപ്പോലുളള ചുരുക്കം നേതാക്കൾക്കുമാത്രമാണ് പാർട്ടിയുടെ ഇൗ പോക്കിൽ വിഷമമുളളത്. പടക്കുതിരകളെല്ലാം ഒാടിപ്പോയ ശേഷമാണ് നമ്മുടെ പാർട്ടി ഉണരുന്നത് എന്നർത്ഥത്തിലുളള അദ്ദേഹത്തിന്റെ ട്വീറ്റുതന്നെ ഉദാഹരണം.
രാഹുൽ ഗാന്ധി പഴയതുപോലെ ആക്ടീവല്ലാത്തത്തും പ്രായാധിക്യവും മറ്റുപ്രശ്നങ്ങളുംമൂലം സോണിയാ ഗാന്ധിക്ക് പാർട്ടിയിൽ പഴയതുപാേലെ ആക്ടീവാകാൻ കഴിയാത്തതും ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പാർട്ടിയെ ക്ളച്ചുപിടിപ്പിക്കാൻ രാഹുൽഗാന്ധി മുന്നോട്ടുവയ്ക്കുന്ന ആയങ്ങൾ ഒന്നൊന്നായി പാർട്ടിയിലെ വന്ധ്യവയോധികർ തളളിക്കളയുകയാണ്. ഇതിനെ എതിർത്തുതോൽപ്പിക്കാതെ എല്ലാത്തിൽനിന്നും
മാറിനിൽക്കാനുളള രാഹുലിന്റെ തീരുമാനം പാർട്ടിയെ കൂടുതൽ ഇരുട്ടിലേക്ക് തളളിവിടുകയേ ഉളളൂ എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. പ്രിയങ്കയുടെ ഇടപെടലും കാര്യക്ഷമമാകുന്നില്ല .
പാർട്ടിക്ക് ഇപ്പോൾ ജനങ്ങൾക്ക് മുന്നിൽ ഉയർത്തിക്കാണിക്കാൻ കഴിയുന്ന നേതാക്കൾ മിക്ക സംസ്ഥാനങ്ങളിലും ഇല്ലെന്നാണ് യാഥാർത്ഥ്യം. വരുന്ന തിരഞ്ഞെടുപ്പുകളിൽ ഇത് പാർട്ടിയുടെ സാദ്ധ്യതകൾ കൂടുതൽ ഇല്ലാതാക്കുകയേ ഉളളൂ.