sivasankar

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ചോദ്യം ചെയ്യാനാവാത്ത അധികാര കേന്ദ്രമായിരുന്നു എം.ശിവശങ്കർ. ഐ.ടി സെക്രട്ടറിക്കൊപ്പം തന്നെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറി പദവിയും വഹിച്ചിരുന്ന ശിവശങ്കർ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ വൻ വീഴ്ചയിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് സംസ്ഥാനത്തെ പല മുതിർന്ന ഉദ്യോഗസ്ഥരും. മുഖ്യമന്ത്രിയുടെ വിശ്വ‌സ്തനായ ശിവശങ്കറിനെതിരെ ഉയർന്ന ആരോപണങ്ങൾ സർക്കാരിനെ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.

സ്‌പ്രിൻക്ലർ കേസ് ഉയർന്നപ്പോൾ തന്നെ ശിവശങ്കറിനെ മാറ്റണം എന്ന ആവശ്യം മുഖ്യമന്ത്രിക്ക് വലിയ സമ്മർദം സൃഷ്ടിച്ചിരുന്നു. മുന്നണിയിലെ പ്രമുഖ കക്ഷിയായ സി.പി.ഐ വരെ ശക്തമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ശിവശങ്കറിനെ മാറ്റി നിർത്താത്തത് അദ്ദേഹത്തിന്റെ മേലുള്ള ഉത്തമ വിശ്വസം കൊണ്ടാണ്. ശിവശങ്കറിനെതിരെ നിരന്തരം ആരോപണം ഉയർന്നപ്പോഴെല്ലാം ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ മനോവീര്യം തകർക്കുന്ന ആരോപണങ്ങളെ മുഖവിലയ്ക്ക് എടുക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ല. ഒടുവിൽ സ്പ്രിൻക്ലർ കേസിൽ സർക്കാർ വിശദീകരണം മാദ്ധ്യമങ്ങൾക്ക് മുന്നിൽ വിസ്തരിക്കാനായി പിണറായി നിയോഗിച്ചതും ഇതേ ശിവശങ്കറിനെ തന്നെയാണ്.

ആ സമയത്താണ് സ്വർണക്കടത്ത് വിവാദത്തിന്റെ കുന്തമുന മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തിരിയുന്നത്. ശിവശങ്കറിനെതിരെ സ്വർണക്കടത്ത് പോലെ രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു വിഷയം ഇടുത്തീ പോലെ വന്നുവീഴുമെന്ന് മുഖ്യമന്ത്രി പോലും പ്രതീക്ഷിച്ചിരുന്നില്ല. സ്വർണക്കടത്ത് വിവാദം ആളിക്കത്തുകയും സ്വ‌പ്നയുടെയും സരിത്തിന്റെയും ബന്ധങ്ങൾ ശിവശങ്കറിലേക്ക് നീളുകയും ചെയ്‌തതോടെ സർക്കാർ വെട്ടിലായി. ഒടുവിൽ വഹിച്ചിരുന്ന പദവികളിൽ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സർവ പ്രതാപിയായിരുന്ന ശിവശങ്കർ ഇപ്പോൾ വ്യക്തിപരമായി ഒറ്റപ്പെട്ട അവസ്ഥയിലാണ്. റവന്യു വകുപ്പിൽ നേരിട്ട് ഡെപ്യൂട്ടി കളക്‌ടർ ആയി നിയമിതനായ ശിവശങ്കറിന് 1995ലാണ് ഐ.എ.എസ് ലഭിക്കുന്നത്. കെ.എസ്.ഇ.ബി ചെയർമാൻ പദവിയിൽ ഉൾപ്പെടെ സേവനം നടത്തിയ ശിവശങ്കർ ഗതാഗതം, കായിക വകുപ്പുകളിലും തന്റെ കഴിവ് തെളിയിച്ചു.

ഇടതുഭരണത്തിന് മികച്ച ഏകോപനം നൽകാനും അഴിമതി മുക്തമാക്കാനുമായി പിണറായി നടത്തിയ അന്വേഷണം വലിയ ബുദ്ധിമുട്ടില്ലാതെ ശിവശങ്കറിൽ എത്തി ചേരുകയായിരുന്നു. എന്നാൽ അതേ ഉദ്യോഗസ്ഥൻ തന്നെ ഇപ്പോൾ സർക്കാരിനെ കുടുക്കിലാക്കുന്ന സ്ഥിതിവിശേഷമാണ് തിര‌ഞ്ഞെടുപ്പ് അടുത്തിരിക്കെ കാണാൻ കഴിയുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരം പൂജപ്പുരയിലെ വീട്ടിൽ തന്നെ കഴി‌ഞ്ഞുകൂടുകയാണ് ശിവശങ്കർ. മാദ്ധ്യമങ്ങൾ നിരന്തരം ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതികരിക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. കേസിന്റെ തുടക്കത്തിൽ പ്രതികരിക്കാനില്ലെന്ന് മാത്രം പറയുമായിരുന്ന ശിവശങ്കർ പിന്നീട് ഒന്നും മിണ്ടാത്ത അവസ്ഥയിലായി. പഴയ സഹപ്രവർത്തകർ വിളിച്ചിട്ട് പോലും അദ്ദേഹം ഫോണെടുക്കുന്നില്ല. ഒന്നു രണ്ട് അടുപ്പമുള്ള ഉദ്യോഗസ്ഥരോട് താൻ കുറ്റക്കാരനല്ലെന്നും സത്യം പുറത്തുവരുമെന്നും ശിവശങ്കർ പറയുകയുണ്ടായി.

ഇന്നലെ ശിവശങ്കറിന്റെ ഫോൺ രേഖകൾ പുറത്തുവരികയും പിന്നാലെ കസ്റ്റംസ് ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയും ചെയ്‌തതോടെ സ്ഥിരമായി വിളിക്കുന്നവർ പോലും അദ്ദേഹത്തെ വിളിക്കാതെയായി. ഐ.എ.എസ് അസോസിയേഷനിൽ നിന്നും സർക്കാരിൽ നിന്നുമെല്ലാം തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ശിവശങ്കർ. എപ്പോഴും ചേർത്ത് നിർത്തിയ മുഖ്യമന്ത്രി ആരോപണങ്ങൾ തനിക്കെതിരെ ഉയർന്നപ്പോഴും സംരക്ഷിക്കുമെന്നാണ് ശിവശങ്കർ കരുതിയിരുന്നതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്നും തൊട്ടുപിന്നാലെ പ്രിൻസിപ്പൾ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയതോടെ കടുത്ത മാനസിക സമ്മർദ്ദത്തിന്റെ വക്കിലാണ് ശിവശങ്കർ.

ഇന്നലെ വൈകുന്നേരം ആരംഭിച്ച കസ്റ്റംസ് ചോദ്യം ചെയ്യൽ പുലർച്ചെയോളം നീണ്ടിരുന്നു. സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഇത്തരത്തിൽ ചോദ്യം ചെയ്യലിന് വിധേയനാകുന്നത്. ഇത് ശിവശങ്കറിന് സൃഷ്ടിച്ച നാണക്കേട് ചില്ലറയല്ല. അദ്ദേഹം അഗ്നിശുദ്ധി തിരികെ വരുമെന്ന് കരുതുന്നവർ സർക്കാർ തലത്തിൽ തന്നെ കുറവാണ്. അതേസമയം ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യാത്ത സർക്കാർ നടപടിക്കെതിരെ ഐ.എ.എസ് തലപ്പത്ത് തന്നെ മുറുമുറുപ്പ് ശക്തമായിരിക്കുകയാണ്. അധികാരത്തിന്റെ ഇടനാഴികളെ നിയന്ത്രിച്ചിരുന്ന സംസ്ഥാനത്തെ തലയെടുപ്പുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥൻ ഒടുവിൽ നാല് ചുമരുകൾക്കുള്ളിൽ തളിച്ചിടപ്പെട്ടിരിക്കുകയാണ്.