തിരുവനന്തപുരം: സംസ്ഥാനത്തെ പ്ളസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ലസ് ടുവിന് 85.13 ആണ് വിജയശതമാനം. വി.എച്ച്.എസ്.സി റഗുലർ വിഭാഗത്തിൽ 81.8 ശതമാനമാണ് വിജയം. തിരുവനന്തപുരത്ത് മന്ത്രി സി. രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. പ്ലസ്.ടുവിന് കഴിഞ്ഞ വർഷത്തേക്കാൾ 0.77 വിജയശതമാനം കൂടുതലാണ്. കഴിഞ്ഞ തവണ 84.33 ശതമാനം ആയിരുന്നു വിജയം. കഴിഞ്ഞ വർഷം കോഴിക്കോടായിരുന്നു വിജയ ശതമാനം കൂടിയ ജില്ലയെങ്കിൽ ഇത്തവണ അത് എറണാകുളം ആണ്. 114 സ്കൂളുകൾക്ക് 100 ശതമാനം വിജയം നേടാനായി. 234 കുട്ടികൾക്ക് മുഴുവൻ മാർക്കും ലഭിച്ചു. എല്ലാ വിഷയങ്ങൾക്കും 18,510 വിദ്യാർത്ഥികൾക്കാണ് എ പ്ലസ് ലഭിച്ചത്.
ഏറ്റവും കൂടുതൽ എ.പ്ലസ് നേടിയ വിദ്യാർത്ഥികൾ മലപ്പുറം ജില്ലയിൽ നിന്നാണ്. റഗുലർ വിദ്യാർത്ഥികളിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർ 3,19,782. സർക്കാർ സ്കൂളുകളിൽ 82.19 ശതമാനം വിജയം, എയ്ഡഡ് 88.01, അൺ എയ്ഡഡ് 81.33.
വി.എച്ച.എ.ഇയിൽ 76.06 ശതമാനം പേർക്ക് എല്ലാ പാർട്ടിലും വിജയം നേടാനായി. ഏറ്റവും മികച്ച വിജയം വയനാട്ടിലാണ് കുറവ് പത്തനംതിട്ടയിലും. സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷകളുടെ മൂല്യനിർണയം പൂർത്തിയായെന്നും ഈ മാസം തന്നെ ഫലം പ്രസിദ്ധീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. സേ പരീക്ഷകൾക്കുള്ള അവസരം കുട്ടികൾക്ക് നൽകും. സേ പരീക്ഷ തീയതികൾ ഉടൻ പ്രഖ്യാപിക്കും. കൊവിഡിനെ തുടർന്ന് പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള അവസരമൊരുക്കുമെന്നും സംസ്ഥാനത്ത് പ്ലസ് വൺ അഡ്മിഷന് വേണ്ടിയുള്ള അപേക്ഷകൾ ജൂലായ് 24 മുതൽ വിതരണം ചെയ്യുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
www.keralaresults.nic.in, www.dhsekerala.gov.in. www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in. സഫലം 2020 മൊബൈൽ ആപ്. പി.ആർ.ഡി ലൈവ് ആപ്പിലെ ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പി.ആർ.ഡി ലൈവ് (prd live) ഡൗൺലോഡ് ചെയ്യാം.