2018ൽ പുറത്തിറങ്ങിയ ടൊവിനൊ തോമസ് ചിത്രമായ തീവണ്ടിയിലെ 'ജീവാംശമായി' എന്ന ഗാനം ചിത്രം ഇറങ്ങും മുമ്പേ തന്നെ ആസ്വാദകര്‍ നെഞ്ചേറ്റിയിരുന്നു. കൈലാസ് മേനോന്‍ സംഗീത നിര്‍വ്വഹിച്ച ഗാനം ആലപിച്ചത് ഹരിശങ്കറും ശ്രേയ ഘോഷാലും ചേര്‍ന്നാണ്. ബോളിവുഡ് ഗായിക ആണെങ്കിലും മലയാളം അനായാസം വഴങ്ങുന്ന ശ്രേയ മനോഹരമായാണ് ആ ഗാനം ആലപിച്ചത്.
എങ്ങനെയായിരുന്നു ശ്രേയക്കൊപ്പമുള്ള അനുഭവം എന്നാണ് തന്നോട് പലരും ചോദിച്ചിരുന്നതെന്ന് വ്യക്തമാക്കുകയാണ് കൈലാസ് മേനോന്‍. ശ്രേയയുടെ റെക്കോര്‍ഡിംഗ് വീഡിയോ പങ്കുവച്ച് കൈലാസ് മേനോന്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.
മുംബയിൽ കൈലാഷ് ഖേറിന്റെ സ്റ്റുഡിയോയിൽ വച്ചായിരുന്നു ശ്രേയ ഘോഷാൽ പാടിയത്. ശ്രേയ സ്റ്റുഡിയോയിൽ എത്തുന്നതു മുതൽ പാട്ടു പഠിച്ചു പാടുന്നതു വരെയുള്ള ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ വീഡിയോയും കൈലാസ് മേനോൻ പോസ്റ്റു ചെയ്തു. മലയാളം അനായാസേന വഴങ്ങുന്ന ശ്രേയ വെറും മൂന്നു മണിക്കൂറുകൾ കൊണ്ടാണ് ഈ പാട്ട് പഠിച്ചു പാടിയത്.
കൈലാസ് മേനോന്റെ ഫേസ്ബുക്ക് കുറിപ്പിൽ നിന്ന്:
‘ശ്രേയാ ഘോഷാലിനൊപ്പം പ്രവർത്തിക്കുമ്പോഴുള്ള അനുഭവം എന്താണ്എന്നുള്ള ചോദ്യം 2018 മുതൽ ഞാൻ കേൾക്കുന്നു. അത് എപ്പോഴും എന്നെ സന്തോഷിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ശ്രേയയ്ക്കൊപ്പമുള്ള റെക്കോർഡിംഗ് അനുഭവം ഞാൻ ഇപ്പോൾ ഇവിടെ പങ്കുവയ്ക്കുകയാണ്. ഒരു ചെറിയ ഇടവേള പോലും എടുക്കാതെ മൂന്നു മണിക്കൂർ തുടർച്ചയായുള്ള റെക്കോർഡിംഗ് ആയിരുന്നു അത്. കൂടുതൽ മെച്ചപ്പെടുത്താൻ വേണ്ടി പല തവണ റെക്കോർഡ് ചെയ്തു നോക്കി. ആ അഭിനിവേശവും അർപ്പണബോധവും പ്രതിബദ്ധതയുമെല്ലാം ഓരോ ഘട്ടത്തെയും കൂടുതൽ മികവുറ്റതും സപെഷലുമാക്കി. നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയാത്ത വിധത്തിലുള്ളതായിരുന്നു അതൊക്കെ.
തീവണ്ടി എന്റെ ആദ്യ ചിത്രമായിരുന്നു. എന്നിട്ടും ശ്രേയ എന്നോടു വളരെ വിനയത്തോടെയാണ് ഇടപെട്ടത്. റെക്കോർഡിംഗിനിടയിൽ ഗായിക ഗായത്രി അശോകിനെ പ്രശംസിച്ചും ശ്രേയ സംസാരിച്ചു. ശ്രേയ ഘോഷാൽ, കെ.എസ്.ചിത്ര, എ.ആര്‍. റഹ്മാൻ, സച്ചിൻ തെണ്ടുൽക്കർ തുടങ്ങിയ ഇതിഹാസങ്ങളിൽ നിന്നും നമുക്ക് ഒരുപാട് പഠിക്കാനുണ്ട്. ശ്രേയ ഘോഷാലിന്റെ റെക്കോർഡിംഗ് സെഷൻ കേട്ടാൽ പാടാനാഗ്രഹിക്കുന്ന ഏതൊരാൾക്കും അവർ ഇപ്പോൾ ചെയ്യുന്നതിലും മികച്ച രീതിയിൽ പാടാൻ സാധിക്കുമെന്ന് എനിക്കു തോന്നുന്നു.
ലോക്ഡൗൺ കാലത്ത് നമുക്ക് വളരെയേറെ കാര്യങ്ങൾ ചിന്തിക്കാനുള്ള സമയം ലഭിച്ചു. അങ്ങനെയിരിക്കെയാണ് പാട്ട് റെക്കോർഡിംഗിന്റെ വിഡിയോ എല്ലാവരുമായി പങ്കുവയ്ക്കാമെന്നു ഞാൻ തീരുമാനിച്ചത്. അത് ഒരാളിൽ മാത്രമായി ഒതുങ്ങരുത്. മൂന്നു മണിക്കൂർ നീണ്ട റെക്കോർഡിംഗ് വിഡിയോയുടെ എഡിറ്റ് ചെയ്ത പതിപ്പാണ് ഞാൻ പോസ്റ്റു ചെയ്തത്. നിങ്ങളുടെ ചിന്തകളും പങ്കുവയ്ക്കുമല്ലോ’.